ആറളം മേഖലയിൽ റോഡ് മുറിച്ചുകടക്കുന്ന കാട്ടാനക്കൂട്ടം

ആറളം ഫാം: നട്ടെല്ലൊടിച്ചത് ദശകമായി തുടരുന്ന കാട്ടാനശല്യം

കേളകം: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാൻ നടപടികൾ പുരോഗമിക്കുമ്പോൾ വിലങ്ങുതടിയാകുന്നത് രൂക്ഷമായ കാട്ടാനശല്യം. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമിന്റെ നട്ടെല്ലൊടിച്ചത് കഴിഞ്ഞ ഒരു ദശകമായി തുടരുന്ന കാട്ടാനശല്യമാണ്. ആറളം ഫാമിന്റെ വികസനത്തിനും നിലനില്‍പിനുമായി വൈവിധ്യവത്കരണ പദ്ധതികള്‍ നടപ്പാക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി കോടികളുടെ പദ്ധതികൾ തുടക്കമിട്ടിരുന്നു.

ആറളം കാര്‍ഷിക ഫാമിന്റെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ചേരുകയും ആറളത്ത് വിദഗ്ധ സമിതിയെ പഠനത്തിന് നിയോഗിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമാഹരിക്കുകയുംചെയ്തിരുന്നു.

തുടർന്ന് ഫണ്ട് അനുവദിച്ച് വിവിധ പദ്ധതികൾ തുടങ്ങിയെങ്കിലും അവയൊക്കെ ലക്ഷ്യം കാണാതെ പോയത് കാട്ടാനശല്യം മൂലമായിരുന്നു. ഇതോടെ കരിഞ്ഞുണങ്ങിയത് ആറളത്തിന്റെ കാര്‍ഷിക പ്രതീക്ഷകളാണ്.

അഞ്ച് വർഷത്തിനിടെ നശിപ്പിച്ചത് 15,000 തെങ്ങുകൾ

കാർഷിക വിളകൾ തരിശാക്കി വിഹാരം തുടരുന്ന കാട്ടാനക്കൂട്ടം ആറളം ഫാമിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ നശിപ്പിച്ചത് നിറയെ കായ്ഫലമുള്ള 15,000 തെങ്ങുകളാണ്. ഇതോടെ ആറളം ഫാമിന്റെ വരുമാനം നിലച്ച് നഷ്ടത്തിന്റെ പട്ടിക വർധിച്ചു. തെങ്ങിൻതൈകളും കശുമാവ്, കുരുമുളക്, കമുക്, കൊക്കോ, റബർ കൃഷി എന്നിവയും ആയിരക്കണക്കിന് തകർത്താണ് ആറളം ഫാമിൽ വിഹരിക്കുന്ന കാട്ടാനകളുടെ കലിപ്പ്. കശുവണ്ടി വിളവെടുപ്പ് നടത്താനും കടുത്ത പ്രതിസന്ധിയുണ്ടായി. നിലവിൽ കാട്ടാനശല്യത്തിന്റെ ഇനത്തിൽ നഷ്ടപരിഹാരമായി 19 കോടി രൂപ ആറളം ഫാമിന് ലഭിക്കാനുള്ളതായും റിപ്പോർട്ടുണ്ട്.

തുരത്തലിൽ കുരുങ്ങി വനംവകുപ്പ്

ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടർക്കഥയാവുന്ന കാട്ടാനശല്യം ജനവാസ കേന്ദ്രങ്ങളിലും ഫാമിലും ഭീതി വിതക്കുമ്പാൾ ഇവയെ അതിർത്തി കടത്തുന്നതിൽ വിയർക്കുകയാണ് വനംവകുപ്പ് അധികൃതർ. ആനമതില്‍ തകര്‍ത്ത് ആറളം വനത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിന്റെ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വരുത്തുകയും ചെയ്തതിൽ കൃഷി നാശത്തിനുള്ള നഷ്ടംപോലും ലഭിക്കുന്നില്ല. ഏതാനും വർഷത്തിനിടെ 19 കോടി രൂപയുടെ നഷ്ടമാണ് ഫാമിനുണ്ടായത്.

ഫാമിന്റെ അധീനതയിലുള്ള കൃഷിസ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക മേഖലയിലെ തൊഴിലാളികൾ. ആനക്കൂട്ടത്തെ ഫാമിന്റെയും പുനരധിവാസ മേഖലയുടെയും ഭാഗങ്ങളിൽനിന്നും വനത്തിലേക്ക് തുരത്താനുള്ള ഓപറേഷൻ ഗജമുക്തി പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. തുരത്തിയാലും ഇവ മത്സരിച്ച് ആറളത്തെ വിളനിലം തരിശാക്കാൻ മടങ്ങിയെത്തുന്നതും പതിവാണ്. ഇതില്‍ അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്‍ക്ക് നേരെയും പാഞ്ഞടുക്കുകയാണിവ.

തൊഴിലെടുക്കാനാവാതെ ഫാമിലെ തൊഴിലാളികൾ

കാട്ടാന ആക്രമിക്കാന്‍ വന്നാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ വന്‍ അപകടസാധ്യതയാണ് ആറളം ഫാമിൽ ഉണ്ടാക്കുന്നത്. കാട്ടാന ആക്രമണത്തിൽ ആറളത്ത് പതിനഞ്ചോളം ജീവനുകൾ ഇതിനകം പൊലിഞ്ഞു. ഫാമിലെ നാശനഷ്ടങ്ങളുടെ പട്ടിക ദിനേന പെരുകുന്നു. കാട്ടാനക്കൂട്ടം തെങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നതും കുരങ്ങുശല്യവും മൂലം വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. 3500 ഏക്കർ വിസ്തൃതിയിലുള്ള ആറളം ഫാമും 4000 ഏക്കർ വിസ്തൃതിയിലുള്ള ആറളം ആദിവാസി പുനരധിവാസ മേഖലയും കാട്ടാനക്കൂട്ടത്തിന്റെ പിടിയിലായിരുന്നു. കാട്ടാനകളെ പൂർണമായി ആറളം മേഖലയിൽനിന്ന് തുരത്തി നവീന കാർഷിക പദ്ധതി നടപ്പാക്കാതെ രക്ഷപ്പെടില്ല ആറളം ഫാമും ആറളത്തെ ജീവിതങ്ങളും.

Tags:    
News Summary - Aralam Farm: The backbone of the farm was broken by the decades-long disturbance caused by wild elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.