കേളകം മീശക്കവലയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുലി
കേളകം: കേളകം പഞ്ചായത്തിലെ മീശക്കവല, വെണ്ടേക്കുംചാൽ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ പുലിയെ കെണി വെച്ച് പിടികൂടി. മീശക്കവലയിൽ കഴിഞ്ഞ ദിവസം രണ്ട് ആടുകളെ കൊന്ന പുലിയെയാണ് സമീപത്ത് കൂട് സ്ഥാപിച്ച് കൊട്ടിയൂരിലെ വനപാലകർ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടിൽ ആടിനെ കെട്ടിയിട്ട് പുലിക്കായി കെണി ഒരുക്കിയത്. രാത്രി എട്ടരയോടെ കൂട്ടിൽ കടന്ന പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനപാലകരും. വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരുമായി ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തുകയും കൂട് സ്ഥാപിച്ച് കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കണ്ണൂർ ഡി.എഫ്.ഒ കെ.വൈശാഖിന്റെ മേൽനോട്ടത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. നിതിൻരാജിന്റെ നേതൃത്യത്തിൽ നടത്തിയ തീവ്രയജ്ഞത്തിലാണ് പുലിയെ കുടുക്കാനായത്. നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, ഡെപ്യൂട്ടിറേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്യത്തിൽ വനംവകുപ്പിന്റെ 32ഓളം ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വെണ്ടേക്കും ചാലിൽ ആടിനെയും പശുക്കിടാവിനെയും പുലി അക്രമിച്ചിരുന്നു. നാടിനെ ഭീതിയുടെ മുൾമുനയിലാക്കിയ പുള്ളിപ്പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. സ്ഥലത്ത് ഉന്നത വനപാലക സംഘവും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.