കണ്ണൂർ: കള്ളിനെയും കഞ്ചാവിനെയും പിറകിലാക്കി പുതുതലമുറ മയക്കുമരുന്നുകളുടെ ഹബ്ബായി കണ്ണൂർ. ജില്ലയിലേക്ക് അതിമാരക രാസ ലഹരിമരുന്നുകൾ കടത്തുന്നവരും വിതരണക്കാരും കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കണ്ണൂർ നഗരത്തിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി തെക്കിബസാർ സ്വദേശി നിസാം അബ്ദുൽ ഗഫൂർ സംസ്ഥാനത്ത് മലബാര്‍ മേഖലകളില്‍ പുതുതലമുറ മയക്കുമരുന്നുകളുടെ മൊത്ത വിതരണക്കാരനാണെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
രണ്ടു കിലോയോളം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശി തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൾകീസ് ചരിയ (31) എന്നിവരെ കണ്ണൂരിൽ പൊലീസ് പിടികൂടിയതോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ച് പുറംലോകമറിയുന്നത്. കോടിക്കണക്കിന് രൂപയുടെ കിലോക്കണക്കിന് തൂക്കമുള്ള രാസലഹരി മരുന്നുകൾ വിതരണം ചെയ്യാനും കടത്താനും കൂടുതൽപേർ സംഘത്തിലുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മുഖ്യപ്രതി അറസ്റ്റിലായെങ്കിലും കേസുമായി ബന്ധമുള്ള നിരവധിപേർ ജില്ലയിലും സംസ്ഥാനത്തിന് പുറത്തുമായുണ്ട്.
ബംഗളൂരുവിൽനിന്ന് കിലോക്കണക്കിന് ലഹരിമരുന്ന് നിസാം വഴി വില്പനക്കായി എത്തിച്ചതായാണ് വിവരം. കണ്ണൂർ സിറ്റി, മരക്കാർകണ്ടി, എടക്കാട് ഭാഗങ്ങളിൽ സ്ഥിരമായി മരുന്ന് എത്തിക്കുന്നത് ഇവരുടെ സംഘമാണെന്ന് പൊലീസ് പറയുന്നു. എത്തിക്കുന്ന മയക്കുമരുന്നുകള്‍ ചില്ലറ വിൽപനക്കായി അളന്നു തൂക്കി വിതരണം നടത്തിയിരുന്ന പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപത്തെ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ പരിശോധനയിലും എൽ.എസ്.ഡി സ്റ്റാമ്പുകളും മോളി ഗുളികകളും കണ്ടെടുത്തിരുന്നു.
ബൾക്കീസിന്റെയും നിസാമിന്റെയും ബന്ധു കണ്ണൂർ തയ്യില്‍ മരക്കാര്‍കണ്ടി കരീലകത്ത് ജനീസിന്റെ ഉടമസ്ഥതയിലാണ് കട. ഇതോടെയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെ റാക്കറ്റിനെ കുറിച്ചും കണ്ണികളെകുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്.
മുഖ്യപ്രതി നിസാം അറസ്റ്റിലായെങ്കിലും ജനീസ് അടക്കമുള്ള കണ്ണികളെല്ലാം പിടിയിലാവാനുണ്ട്. ഇവർക്ക് പിന്നാലെയാണ് സിറ്റി പൊലീസ് കമീഷണർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം. ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന നിസാം ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് മഞ്ചേശ്വരം ഹൊസങ്കടിയില്‍ പിടിയിലായത്. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
മയക്കുമരുന്ന് വിതരണം സംബന്ധിച്ച വാട്സ്ആപ് ചാറ്റുകളും ശബ്ദരേഖയും കണ്ടെത്തിയിട്ടുണ്ട്. വലിയ അളവിലുള്ള മയക്കുമരുന്ന് വിതരണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. നഗരത്തിലും പരിസരങ്ങളിലും മയക്കുമരുന്നുവേട്ടയും മയക്കുമരുന്ന് സംഘങ്ങൾ പ്രതികളായ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും പൊലീസിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം റോഡിൽ വഴിമുടക്കിയത് ചോദ്യംചെയ്ത മത്സ്യത്തൊഴിലാളിയുടെ കാൽ അറുത്തുമാറ്റിയതാണ് ഒടുവിലത്തെ സംഭവം.
പിടിയിലായ നിസാം കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും കോടികളാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലെത്തിയത്. ആഡംബര ജീവിതമാണ് നയിച്ചതും. സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പ്രധാനമായും കർണാടക അതിർത്തി കടന്നാണ്. ബംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നിസാം.
വർഷങ്ങളായി ഹോട്ടൽ വ്യവസായം നടത്തിയിരുന്ന ഇയാൾ നേരത്തെ കഞ്ചാവ് കേസിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിൽ തന്റെ കൂട്ടാളികളെ കുറിച്ച് നിസാം പ്രതികരിച്ചില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള വിൽപനയായതിനാൽ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാൻ സംഘത്തിനായി. പണം ഓൺലൈനായി വാങ്ങിയശേഷം ആവശ്യമുള്ള അളവിൽ മയക്കുമരുന്ന് പൊതികളിലാക്കി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടിടുന്നതായിരുന്നു അഫ്സലിന്റെയും ബൾക്കീസിന്റെയും രീതി. ലൊക്കേഷനും ചിത്രങ്ങളും അയച്ചുകൊടുത്തശേഷം ആവശ്യക്കാരെത്തി പൊതിയെടുത്തുപോകും.
നേരത്തെ എടക്കാട് മാരക മയക്കുമരുന്ന് പൊതികൾ റോഡരികിൽ കണ്ടെത്തിയതിന് പിന്നിൽ താനാണെന്ന് ബൾക്കീസ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. അധികമാരും ഉപയോഗിക്കാത്ത സമൂഹമാധ്യമ ആപ്പുകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം. സംശയാസ്പദമായ രീതിയിൽ പിടിയിലായാലും ഫോൺ പരിശോധനയിൽ ഇത്തരം ആപ്പുകൾ പെട്ടെന്ന് മനസ്സിലാകില്ല. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. നിസാമിന്റെ അറസ്റ്റോടെ കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കടത്തിന്റെ പ്രധാന കണ്ണി പൊട്ടിക്കാനായ ആശ്വാസത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.