തളിപ്പറമ്പ്: തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡിൽ ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന മഞ്ചക്കുഴി ഭാഗത്ത് മണ്ണിടിച്ചൽ രൂക്ഷമായതിനെ തുടർന്ന് ഗതാഗത പൂർണമായി നിരോധിച്ചു. മണ്ണിടിച്ചൽ രൂക്ഷമായതിനാലാണ് ഗതാഗതം നിരോധിച്ചത്. ഗതാഗതം വഴിതിരിച്ചു വിടാതെ ദേശീയപാത ബൈപ്പാസ് നിർമാണത്തിനായാണ് ചിറവക്ക് പുളിമ്പറമ്പ് റോഡിൽ മഞ്ചക്കുഴി ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി താൽക്കാലിക പാത നിർമിച്ചത്.
കുപ്പത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് പുളിമ്പറമ്പിൽ വലിയ കുന്ന് രണ്ടായി മുറിച്ചാണ് കീഴാറ്റൂർ വയൽ വഴി കുറ്റിക്കോലിലേക്ക് കടന്ന് പോകുന്നത്. താൽക്കാലികമായി ഒരുക്കിയ റോഡിന്റെ ഇരുഭാഗത്തും 20 മീറ്ററിലേറെ ആഴത്തിലാണ് കുഴിച്ചുമാറ്റിയത്. കനത്ത മഴയിൽ പ്രവൃത്തി നടക്കുന്നതിന് സമീപത്ത് മണ്ണിടിഞ്ഞു തുടങ്ങിയത് ആശങ്കക്ക് ഇടയാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ഒരുവശം വലിയ രീതിയിൽ ഇടിയുകയും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയരുകയും ചെയ്തതോടെ കലക്ടർ ഇടപെട്ട് രാവിലെ ബസ്, ലോറി തുടങ്ങിയ ഭാരവാഹന ഗതാഗതം നിരോധിച്ചത്.
ഉച്ചക്കുശേഷം വീണ്ടും മണ്ണിടിഞ്ഞത് കാരണം വൈകീട്ട് ആറ് മണിയോടെ വാഹന ഗതാഗതം പൂർണമായും തടഞ്ഞു. തളിപ്പറമ്പിൽ നിന്നും പട്ടുവം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഏഴാംമൈലിൽ എത്തി കൂവോട് വഴിയും മുറിയാത്തോടിൽനിന്നും ചാലത്തൂർ മംഗലശേരി കുപ്പം വഴിയും കടന്നുപോകുന്ന രീതിയിലുമാണ് കടന്ന്പോകേണ്ടത്. പാളയാട് റോഡിലെ പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ട അവസ്ഥയിലാണ് ഉള്ളത്. മഞ്ചക്കുഴി വഴിയും വാഹനഗതാഗതം തടഞ്ഞതോടെ പുളിമ്പറമ്പ് പ്രദേശത്തുള്ളവർക്ക് തളിപ്പറമ്പ് നഗരവുമായി ബന്ധപ്പെടാൻ ഏറെ ചുറ്റി തിരിയേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.