കണ്ണൂര്‍: നോവലും കഥയും വായിച്ച് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നാലുപേരില്‍ നിന്നായി 3.7 ലക്ഷം രൂപ തട്ടിയെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നാലുപേരില്‍ നിന്നാണ് 3,07460 രൂപ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നത്. വാട്സ്ആപ് ഗ്രൂപ് വഴി ലഭിച്ച ആപ്ലിക്കേഷന്‍ വഴി പാര്‍ട്ട്ടൈം ജോലി (സ്റ്റോറി / നോവല്‍ വായന)ക്ക് നാലുപേരും അപേക്ഷിക്കുകയായിരുന്നു.
പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്ക്കുകള്‍ക്കായി 1,46,370, 87290, 40300, 33500 എന്നിങ്ങനെ ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കി. പിന്നീട് നല്കിയ പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. സുഹൃത്ത് സമ്മാനം അയച്ചതായി വിശ്വസിപ്പിച്ച് റെയില്‍വേ ജീവനക്കാരന്റെ 5.9 ലക്ഷം രൂപയും തട്ടിയെടുത്തു.
ജാര്‍ഖണ്ഡ് സ്വദേശിയായ ഇയാളുടെ ഫെയ്സ്ബുക്ക് സുഹൃത്ത് സമ്മാനം അയച്ചിട്ടുണ്ടെന്നും കസ്റ്റംസില്‍ നിന്നാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. പാര്‍സലിന്റെ ക്ലിയറന്‍സ് തുകയാണെന്നും മറ്റും പറഞ്ഞ് ഇയാളില്‍ നിന്ന് 5,09580 ലക്ഷം രൂപ കവരുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്നതിന് 6.57 ലക്ഷം രൂപ നിക്ഷേപിച്ച കൂത്തുപറമ്പ് സ്വദേശിക്കും പണം നഷ്ടമായി. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിന് പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കുകയായിരുന്നു. സംഭവങ്ങളില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.