കണ്ണൂർ പാമ്പൻ മാധവൻ റോഡിലെ മാലിന്യക്കൂന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കുന്നു
കണ്ണൂർ: നഗര മധ്യത്തിൽ മാലിന്യം തള്ളിയ നാല് സ്ഥാപനങ്ങൾക്ക് 20,000 രൂപ പിഴ ചുമത്തി. കണ്ണൂർ കോർപറേഷൻ പരിധിയിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ ഒരു വ്യക്തിക്കും നാല് സ്ഥാപനങ്ങൾക്കുമാണ് പിഴ ചുമത്തിയത്. നഗരമധ്യത്തിൽ മൂന്നിടങ്ങളിലായി പൊതു റോഡിനോട് ചേർന്നുള്ള സ്വകാര്യ ഭൂമിയിൽ തള്ളിയ മാലിന്യ കെട്ടുകളിൽ നിന്നാണ് തെളിവുകൾ ശേഖരിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.
ആർ.കെ. ഓഡിയോ വേൾഡ്, ലെഡ്ജർ ഗേറ്റ് അക്കാദമി, മെട്രോപോളിസ് ലാബോറട്ടറി, ഓസ്കാർ ലോഡ്ജ് എന്നീ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും എം.വി. സുമേഷ് എന്ന വ്യക്തിയുടെ ഫ്ലാറ്റിലെ മാലിന്യങ്ങളുമാണ് കണ്ടെത്തിയത്.
പാർസൽ പെട്ടിയിൽ നിന്നുള്ള തെർമോകോൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, ഉപയോഗിച്ച ഡിസ്പോസിബിൾ ഗ്ലാസുകൾ, പേപ്പറുകൾ തുടങ്ങിയ മാലിന്യങ്ങളാണ് തള്ളിയത്. മാലിന്യങ്ങൾ അതത് സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് ഹരിത കർമസേനക്ക് കൈമാറാൻ സ്ക്വാഡ് നിർദേശം നൽകി.
നാല് സ്ഥാപനങ്ങൾക്കും 5,000 രൂപ വീതവും ഗാർഹിക മാലിന്യം തള്ളിയ എം.വി. സുമേഷിന് 2,500 രൂപയും പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപറേഷന് സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, ശരികുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, കണ്ടിജന്റ് ജീവനക്കാരായ അനീഷ്, നിഷാന്ത് എന്നിവർ പങ്കെടുത്തു.
കണ്ണൂരിലെ മാലിന്യം ചെമ്പിലോട് തള്ളിയ വ്യാപാരിക്ക് 5,000 രൂപ പിഴ ചുമത്തി പഞ്ചായത്ത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ പച്ചക്കറിക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ ചെമ്പിലോട് പഞ്ചായത്തിലെ റോഡരികിൽ തള്ളിയതിന് മുണ്ടേരി സ്വദേശി അഷ്റഫിനാണ് പിഴ ചുമത്തിയത്. വഴിയരികിൽ വ്യാപകമായി മാലിന്യം തള്ളുന്നുവെന്ന പരാതിയെ തുടർന്നാണ് പഞ്ചായത്ത് വിജിലൻസ് ടീം പരിശോധനക്കെത്തിയത്. മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും കടയുമക്ക് നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി.വി. പ്രസീത, എസ്. രശ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.