പയ്യന്നൂർ: 88 വയസ്സുകാരിയെ മർദിച്ച മകളുടെ മകൻ താമസിക്കുന്ന വീടിനും മുറ്റത്ത് നിർത്തിയിട്ട കാറിനും നേരെ ആക്രമണം. വീടിന്റെ ജനൽ ഗ്ലാസും കാറിന്റെ ചില്ലും അടിച്ചുപൊളിച്ച നിലയിലാണ്. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പയ്യന്നൂർ കണ്ടങ്കാളിയിലെ മണിയറ വീട്ടിൽ കാർത്യായനിയെയാണ് മർദനമേറ്റ പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കാർത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
കാർത്യായനിയെ മർദിച്ചതിന് മകളുടെ മകൻ റിജുവിനെതിരെയാണ് കേസ്. വയോധികയെ പരിചരിക്കാനെത്തിയ ഹോം നഴ്സിന്റെ പരാതിയിലാണ് കേസെടുത്തത്. വീട്ടിൽ ഒരുമിച്ച് താമസിക്കുന്നതിന്റെ വിരോധത്തിൽ മർദിച്ചെന്നാണ് കേസ്. അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഹോം നഴ്സിന്റെ പരാതിയിൽ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൈകൊണ്ട് അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുപ്രകാരമാണ് കേസെടുത്തത്. എന്നാൽ, കൈക്കും തലക്കും ഗുരുതര പരിക്കുകളുണ്ട്. അതുകൊണ്ട് നിലവിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ മാറ്റി വധശ്രമമുൾപ്പെടെ ചേർത്തേക്കും.
വയോധികയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പരിക്ക് ഗുരുതരമായതും പ്രായാധിക്യവുമാണ് കാരണം. വയോധികയെ മർദിച്ചതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധമുണ്ട്. ഇതാണ് വീട് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.