ഡോക്ടർമാർ ധരിക്കും ഇനി ഖാദി കോട്ട്

കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെ ഡോക്ടർമാരെയും ഖാദി കോട്ട് ധരിപ്പിക്കാൻ ഖാദി ബോർഡിന്‍റെ പദ്ധതി. സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ഖാദി ധരിക്കണമെന്ന നിർദേശത്തിന് പുറമെയാണ് കൂടുതൽ വരുമാനം ലക്ഷ്യമിട്ടുള്ള ബോർഡിന്‍റെ നീക്കം. ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തിയാണ് സർക്കാർ മേഖലയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കണമെന്ന നിർദേശം സർക്കാറിനുമുന്നിൽ ഖാദി ബോർഡ് സമർപ്പിച്ചത്. ഇതുസംബന്ധിച്ച് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകി. ഡോക്ടർമാക്കും നഴ്സുമാർക്കും ആവശ്യമായ ഖാദി കോട്ടിന്‍റെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. കോട്ടിന്‍റെ മാതൃകയും അപേക്ഷയോടൊപ്പം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. നിർദേശം നടപ്പായാൽ വലിയ വിപണിയും വൻ സാമ്പത്തിക നേട്ടവുമായിരിക്കും കേരളത്തിൽ ഖാദിക്ക് ലഭിക്കുക. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചു.

നിലവിൽ സംസ്ഥാനത്തെ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം ഖാദി ധരിക്കണമെന്ന നിർദേശമുണ്ട്. കണ്ണൂർ ജില്ലയിൽ ഏതാണ്ട് 90 ശതമാനം സർക്കാർ ഓഫിസുകളിലും നിർദേശം ഇതിനകം നടപ്പിലായി. ഇതിനുപുറമെ സഹകരണ ബാങ്കുകളിലെ ജീവനക്കാർക്കിടയിലും സംസ്ഥാനത്തെ മറ്റു അർധ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി വിപുലപ്പെടുത്താനും നീക്കമുണ്ട്. നിർദേശം നടപ്പിലായാൽ കൂടുതൽ ഉൽപാദനവും വരുമാനവും നിരവധി പേർക്ക് തൊഴിലും ഇതുവഴി യാഥാർഥ്യമാകും.

ഓണവിപണിയിൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഖാദി സർവേക്കും കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടക്കമായി. പരുക്കൻ തുണിയാണ് ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, ഖാദി നവീകരിക്കുന്നതുസംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക. നവീകരണത്തിന്റെ ഭാഗമായി ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ചുള്ള വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായി പി. ജയരാജൻ അറിയിച്ചു. 

സർക്കാർ ആശുപത്രികളിൽ നിർബന്ധമാക്കാൻ പദ്ധതി -പി. ജയരാജൻ (ഖാദി ബോർഡ് വൈസ് ചെയർമാൻ)

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കണമെന്നാണ് സർക്കാറിന് അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷ അംഗീകരിച്ചാൽ അത് ഖാദി മേഖലക്ക് പുത്തനുണർവാകും. പദ്ധതിക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാർക്കും സർക്കുലർ നൽകും. ഖാദി കോട്ടിന്‍റെ മാതൃകയടക്കം തയാറാക്കിയാണ് അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷയിൽ തീരുമാനമായാൽ വ്യാവസായികാടിസ്ഥാനത്തിൽ കോട്ടുകൾ തയാറാക്കി വിപണിയിലെത്തിക്കും.

Tags:    
News Summary - Doctors will wear khadi coats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.