കണ്ണൂര്‍: തോട്ടം മേഖലകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകിന്റെ സാന്ദ്രത വര്‍ധിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തൽ. ഇടവിട്ടുള്ള മഴയും റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വെക്കാത്തതുമെല്ലാം കൊതുകിന്റെ ഉറവിടങ്ങള്‍ പെരുകാന്‍ കാരണമായതായി പരിശോധനയില്‍ കണ്ടെത്തി.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 586 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആറളം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ്. ഇരുപഞ്ചായത്തുകളിലും 40 വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയിലെ മലയോര മേഖലയില്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പ് മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 19 വരെ വ്യാപകമായ മഴക്കാല രോഗ പ്രതിരോധ ജനകീയ ക്യാമ്പയിന് നടത്തിയിരുന്നു. തോട്ടം മേഖലയില്‍ തോട്ടം ഉടമകളുടെ യോഗം ചേരുകയും കൊതുകിന്റെ ഉറവിട നശീകരണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്കി.
ഡെങ്കി കൊതുകുകള്‍ക്ക് മുട്ടയിടാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. ഇന്‍ഡോര്‍ ഫ്ലവര്‍ പോട്ട്, ടാര്‍പ്പായ, ഫ്രിഡ്ജിലെ ഡ്രയ്നേജ് ട്രേ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള കാമ്പയിന് പൊതുജന പിന്തുണയോടെ വിജയിപ്പിക്കാന്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. അതോടൊപ്പം കുറ്റിയാട്ടൂര്‍ മേഖലയില്‍ മഞ്ഞപ്പിത്തം പകരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ ഭക്ഷണം പങ്കുവെക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി എടുക്കുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലതല സര്‍വേലന്‍സ് യോഗം തീരുമാനിച്ചു.
ആറളം-40, കൊട്ടിയൂര്‍-40, അയ്യങ്കുന്ന്-36, ചെമ്പിലോട്-33, പേരാവൂര്‍-30, മുഴക്കുന്ന്-30, കേളകം-29, ചെറുപുഴ-17, കുന്നോത്തുപറമ്പ്-17, ഇരിട്ടി-17, കോളയാട്-15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.