പ്രതീകാത്മക ചിത്രം
കണ്ണൂർ: സെൻസസ് 2027ന്റെ ഭാഗമായുള്ള നടപടി തുടങ്ങിയപ്പോൾ ആശങ്കയിലായത് അധ്യാപകരും വിദ്യാർഥികളും. സെൻസസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന് എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനം നടത്തി സെൻസസ് നമ്പർ ഇടേണ്ടത്.
അതിനായി ഇവർക്കുള്ള പരിശീലനം വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഹൈസ്കൂൾ അധ്യാപകരാണ് (എഫ്.ടി) എന്യൂമറേറ്റർമാർക്കും മറ്റും സെൻസസിനായുള്ള പരിശീലനം നൽകുക. എന്നാൽ, ഇതിൽ വലിയ ആശങ്കയിലാണ് അധ്യാപകർ. ഒരു ബാച്ചിനുതന്നെ മൂന്നു ദിവസമായാണ് പരിശീലനമുണ്ടാവുക.
ഇങ്ങനെയുള്ള രണ്ടും മൂന്നും നാലും ബാച്ചുകളുണ്ടാകും. താലൂക്കുതലത്തിലും മുനിസിപ്പൽ തലത്തിലുമായാണ് പരിശീലനം ഏകോപിപ്പിക്കുന്നത്. അതേസമയം, സ്കൂൾ തുറന്നതോടെയുള്ള ഈ പരിശീലനം അധ്യാപകർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുക എന്നാണ് ആക്ഷേപം.
പരിശീലനത്തിൽ സൂപ്പർവൈസർമാരായ അധ്യാപകരും എന്യൂമറേറ്റർമാരായ അധ്യാപകരും പങ്കെടുക്കണം. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെയുള്ള ഒരുമാസക്കാലം അധ്യാപകർ വീടുകയറേണ്ടിയും വരും.
പ്രവൃത്തിദിനങ്ങളല്ലാത്ത ദിവസമാണ് ഇതിന് തിരഞ്ഞെടുക്കുന്നതെങ്കിലും അത് അധ്യാപകർക്ക് വലിയ മാനസിക സമ്മർദമാണുണ്ടാക്കുക. അതേ സമ്മർദം വിദ്യാർഥികളും താങ്ങേണ്ടിവരും. അധ്യാപകരെ സെൻസസ് പ്രവർത്തനത്തിന് നിയോഗിക്കുന്നതിനു പകരം മറ്റ് വകുപ്പുകളിൽ ജോലിചെയ്യുന്ന ജീവനക്കാരെ അവിടെയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കണക്കാക്കി നിയമിച്ചാൽ നമ്മുടെ വിദ്യാർഥികളോട് ചെയ്യുന്ന വലിയൊരു സഹായമാകുമെന്നാണ് അധ്യാപകർ പറയുന്നത്.
അധ്യയന ദിനങ്ങൾ കവർന്നെടുക്കില്ലെങ്കിലും പലരും തങ്ങളുടെ ജോലിയിൽ ആത്മാർഥമായി ശ്രദ്ധിക്കാൻ കഴിയാതെ സമ്മർദത്തിലാകുമെന്നാണ് ആരോപിക്കുന്നത്. ഓരോ സ്കൂളിൽനിന്നും എത്ര അധ്യാപകരെ ഇതിനായി നിയോഗിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും വിദ്യാർഥികളുടെയും അധ്യാപകരുടെയും സമ്മർദത്തിന്റെ തോത് കണക്കാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.