തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസിന് മുന്നിൽ പോർട്ടർമാർ
തലശ്ശേരി: റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസ് നിർത്തലാക്കാൻ വീണ്ടും നീക്കം. ജൂലൈ 25 മുതൽ പാർസൽ ഓഫിസ് അടച്ചിടാനുള്ള സതേൺ റെയിൽവേയുടെ ഉത്തരവ് പുറത്തിറങ്ങി. പാർസൽ സർവീസ് നിർത്തലാക്കുന്നതോടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന രണ്ട് വനിതകൾ ഉൾപ്പെടെ 12 ഓളം പോർട്ടർമാർക്ക് തൊഴിൽ നഷ്ടമാകും. പാർസൽ സർവിസ് ലാഭകരമല്ലെന്ന കാരണത്താലാണ് നിർത്തലാക്കുന്നതെന്നാണ് റെയിൽവേയുടെ ന്യായീകരണം. പാർസൽ സേവനം നിർത്തലാക്കാൻ ഇതിന് മുമ്പും നീക്കമുണ്ടായിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് തടയിട്ടത്.
കേരളത്തിലെ ആദ്യകാല ‘എ’ ക്ലാസ് സ്റ്റേഷനുകളിലൊന്നാണ് തലശ്ശേരിയിലേത്. സ്റ്റേഷൻ കമീഷൻ ചെയ്ത കാലം മുതൽ ഇവിടെ പാർസൽ സൗകര്യം ലഭ്യമായിരുന്നു. നേരത്തെ തലശ്ശേരിയിലുണ്ടായിരുന്ന ഗുഡ്സ് ഷെഡ് പൊളിച്ചുനീക്കി വാഗൺ വഴിയുള്ള ചരക്ക് ഗതാഗതം ഇല്ലാതാക്കി. റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേരത്തെ നാല് ലൈനുകൾ ഉണ്ടായിരുന്ന തലശ്ശേരിയിൽ മൂന്നാക്കി ചുരുക്കി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പാർസൽ ഓഫിസിന്റെ പ്രവർത്തനം വൈകീട്ട് അഞ്ചുവരെയാക്കി. റെയിൽവേ യാത്രക്കാർക്കും ചെറുകിട കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന പാർസൽ ഓഫിസിന്റെ പ്രവർത്തനം പൂർണമായും നിർത്തലാക്കാനാണ് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതിമാസം ശരാശരി മൂന്നു ലക്ഷത്തിലധികം രൂപ റെയിൽവേക്ക് വരുമാനം ലഭിച്ചിരുന്ന പാർസൽ ഓഫിസിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ യാത്രക്കാരും കച്ചവടക്കാരും ഇനി മുതൽ 22 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കണ്ണൂരിനെ ആശ്രയിക്കേണ്ടിവരും. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന പോർട്ടർമാരുടെ ജീവിതമാർഗവും ഇരുളടയും. മത്സ്യം, കല്ലുമ്മക്കായ, പച്ചക്കറി, സ്റ്റീൽ പാത്രങ്ങൾ, സ്റ്റേഷനറി, തുണിത്തരങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ സാധനങ്ങൾ ഇവിടെനിന്ന് കയറ്റിയയക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇങ്ങോട്ടുമെത്തുന്നുണ്ട്. നാദാപുരം, വടകര, വയനാട്, കൂർഗ് എന്നിവിടങ്ങളിൽ നിന്നടക്കമുള്ള ആളുകൾ പാർസൽ സർവിസിന് ആശ്രയിക്കുന്നതും തലശ്ശേരിയെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.