കണ്ണൂർ: ജില്ലയിൽ പാർട്ടിക്കെതിരെ തിരിഞ്ഞ രണ്ട് വർഗവഞ്ചകർക്ക് രഹസ്യ പിന്തുണയുമായി നിരവധി പേരുണ്ടെന്ന് നേതൃത്വം തിരിച്ചറിഞ്ഞതോടെ അവരെ മെരുക്കാൻ തിരക്കിട്ട നീക്കവുമായി സി.പി.എം. പ്രചാരണം പാതിയിലേക്ക് കടക്കുമ്പോഴാണ് അതൃപ്തരായ പാർട്ടി പ്രവർത്തകരെ നേരിൽകണ്ട് എങ്ങനെയും വോട്ടുറപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുള്ളത്. തളിപ്പറമ്പിലും പയ്യന്നൂരിലും യു.ഡി.എഫിന് നഷ്ടമൊന്നുമില്ല. ജയം കൂടിയുണ്ടായാൽ ചരിത്രം തിരുത്തപ്പെടും.
അവർ അത് പ്രതീക്ഷിക്കുന്നുമുണ്ട്. ഇത് മനസ്സിലാക്കിയതോടെയാണ് പുതിയ തന്ത്രം മെനഞ്ഞ് ചെങ്കോട്ട നിലനിർത്താൻ ഇടതു ശ്രമം ശക്തമാക്കിയത്. തളിപ്പറമ്പിൽ 2016ൽ ജയിംസ് മാത്യു മത്സരിച്ചപ്പോൾ 40,617 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞതവണ എം.വി. ഗോവിന്ദൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 22,689 ആയി കുറഞ്ഞു. കോൺഗ്രസിലെ വി.പി. അബ്ദുൽ റഷീദായിരുന്നു എതിരാളി. പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് 49,780 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ ലഭിച്ചത്. ഇടതാധിപത്യം ശക്തമെങ്കിലും വോട്ടു ചോർച്ച പോലുമുണ്ടായാൽ ക്ഷീണമായി കണക്കാക്കപ്പെടുമെന്ന് സി.പി.എമ്മിനറിയാം. സർക്കാരിന്റെ ഭരണപരാജയവും മട്ടന്നൂരിൽനിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതും പയ്യന്നൂർ വിഷയവും തളിപ്പറമ്പിലെ ആദ്യ സ്ഥാനാർഥി പട്ടിക അട്ടിമറിച്ചതും സി.പി.എമ്മിൽനിന്ന് പലരും പടിയിറങ്ങിയതുമെല്ലാം വലിയ പ്രചാരണായുധമാക്കിയാണ് യു.ഡി.എഫ് മുന്നേറുന്നത്. എന്നാൽ, കോൺഗ്രസിലെ തമ്മിലടിയും നിലപാടില്ലാത്തവരെ സ്ഥാനാർഥിയാക്കിയെന്നും പറഞ്ഞ് സർക്കാർ നേട്ടങ്ങൾ നിരത്തിയാണ് തന്ത്രപരമായി എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. കണ്ണൂർ പാർട്ടിയിലെ വർഗവഞ്ചകർ മറ്റു മണ്ഡലങ്ങളിലും പാർട്ടിക്കെതിരായി വോട്ടു മറിക്കാൻ സാധ്യതയുണ്ടെന്നതും നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതിനിടെ തളിപ്പറമ്പിൽ കോൺഗ്രസ് നേതാവ് കൊയ്യം ജനാർദനൻ പത്രിക പിൻവലിക്കാതെ മത്സരരംഗത്ത് ഉറച്ച് നിന്നത് യു.ഡി.എഫിന് തലവേദനയാണ്. അത് ഇടതുപക്ഷത്തിന് വലിയ ആശ്വാസമേകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.