കണ്ണൂർ: സംസ്ഥാനത്ത് കാർഷിക മേഖലയുടെ സമഗ്ര വികസനവും മുന്നേറ്റവും ലക്ഷ്യമിട്ടുള്ള സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കാർഷിക രംഗത്ത് വലിയ മുന്നേറ്റം. കഴിഞ്ഞ നാലു വർഷക്കാലയളവിൽ ജില്ലയിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന വിപണന മേഖലകളിലായി 1453 കൃഷിക്കൂട്ടങ്ങൾ രൂപവത്കരിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ പദ്ധതികൾ ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിവരുന്നു.
ജില്ലയിലെ കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി 35.50 ലക്ഷം രൂപ ചെലവഴിച്ച് വിളയിട അധിഷ്ഠിത കൃഷി രീതിയിലൂടെ 3115 ഫാം പ്ലാനുകളും 142 സംയോജിത കൃഷിത്തോട്ടങ്ങളും എട്ട് ഫാം പ്ലാൻ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും രൂപവത്കരിച്ചിട്ടുണ്ട്. ‘കൃഷി സമൃദ്ധി’ പദ്ധതിയിലൂടെ കാർഷിക മേഖല ആധാരമാക്കിയ പ്രാദേശിക സാമ്പത്തിക വികസനം തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സാധ്യമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി കതിരൂർ, കൂത്തുപറമ്പ്, മാങ്ങാട്ടിടം, അഞ്ചരക്കണ്ടി, പിണറായി, നാറാത്ത്, ചെറുതാഴം, കുറ്റിയാട്ടൂർ തദ്ദേശ സ്ഥാപനങ്ങളിൽ ഊർജിത പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നൂതന കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനായി 8.76 ലക്ഷം രൂപ ചെലവിൽ 9.16 ഹെക്ടറിൽ തുറസ്സായ സ്ഥലത്തെ കൃത്യത കൃഷി നടപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കൃഷിഭവനങ്ങളും ഘട്ടംഘട്ടമായി സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി 22.36 ലക്ഷം രൂപ ചെലവഴിച്ച് ചെറുതാഴം കൃഷിഭവൻ സ്മാർട്ട് കൃഷിഭവൻ ആക്കി മാറ്റി.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ 11.27 ലക്ഷം രൂപ ആനുകൂല്യത്തിൽ വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും 79 പ്രോജക്ടുകളും നടപ്പാക്കി. കൃഷി ഫാമുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ല കൃഷിത്തോട്ടം കരിമ്പത്ത് നടന്നുവരുന്നുണ്ട്.
കർഷകർക്ക് സേവനങ്ങൾ ഐ.ടി അധിഷ്ഠിത സാങ്കേതികവിദ്യകളിലൂടെ വേഗത്തിൽ എത്തിച്ചു നൽകുന്നതിനായി കൃഷിവകുപ്പിൽ നിലവിലുള്ള എല്ലാ സോഫ്റ്റ്വെയറും സംയോജിപ്പിച്ച് ‘കതിർ’ സോഫ്റ്റ്വെയർ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാക്കും.
കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടസാധ്യത കുറക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും ഉപദേശങ്ങളും നൽകുക, കാലാവസ്ഥാധിഷ്ഠിതമായി വിളകൾ കണ്ടെത്താന്‍ സഹായിക്കുക, വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കാന്‍ സഹായിക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിന് മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് കതിരിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.
പച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി 38.34 ലക്ഷം രൂപ ചിലവഴിച്ച് 11039 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മഴമറകൾ നിർമിച്ചു. മഴമറകൾ നിർമിക്കുന്നതിലൂടെ സ്ഥലലഭ്യത കുറവ് മൂലം കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് വീടിന്റെ മട്ടുപ്പാവിൽ ഏതു കാലാവസ്ഥയിലും സ്വന്തമായി വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സാധിക്കും. മൂല്യവർധനം, വിപണനം മേഖലകൾക്ക് പ്രാധാന്യം നൽകി, കർഷകരുടെയും കർഷക കൂട്ടായ്മകളുടെയും 151 മൂല്യവർധിത ഉൽപന്നങ്ങൾക്ക് ’കേരളഗ്രോ’ ബ്രാൻഡ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.