13 വയസ്സിനിടെ തലയിൽ ഏഴാമത്തെ ശസ്ത്രക്രിയ; വിഷ്ണുവിന് ജീവിതത്തിലേക്കുവരണം...

ആശുപത്രി ബില്ലടക്കാനും പണമില്ല ശ്രീകണ്ഠപുരം: ഇത് 13കാരൻ വിഷ്ണു. ജനിച്ച് ആറാം മാസം തലയിൽ ആദ്യ ശസ്ത്രക്രിയ. പിന്നീടിങ്ങോട്ട് പല തവണകളായി തുടർ ചികിത്സയും ശസ്ത്രക്രിയയും. ഒടുവിൽ കഴിഞ്ഞ ദിവസം നടന്നത് ഏഴാമത്തെ ശസ്ത്രക്രിയ. മയക്കം വിട്ടുമാറിയിട്ടില്ലെങ്കിലും വേദന കടിച്ചമർത്തുകയാണ്. കളിക്കൂട്ടുകാരെല്ലാം കളിചിരിയുമായി ഓടിനടക്കുമ്പോൾ ഒന്നുമറിയാതെ, എല്ലാമറിഞ്ഞ് കണ്ണീരൊഴുക്കി ആശുപത്രിയിൽ കിടക്കുകയാണ് ഈ കുട്ടി. ഏരുവേശ്ശി നെല്ലിക്കുറ്റി സ്വദേശിനിയും വലിയപറമ്പിൽ വാടക വീട്ടിൽ താമസക്കാരിയുമായ കാവുങ്കൽ സിജിയുടെ മകനാണ് വിഷ്ണു. ചെറുപ്പംതൊട്ടേ തലയിൽ വെള്ളം കെട്ടിനിൽക്കുന്ന ഹൈഡ്രോ സെഫാലസ് രോഗമാണ് കുഞ്ഞിന്‍റെ ജീവിതതാളം തെറ്റിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വിഷ്ണുവിന്‍റെ ഏഴാമത്തെ ശസ്​ത്രക്രിയ നടത്തിയത്. അസുഖത്തെത്തുടർന്ന് കാഴ്ചക്ക് മങ്ങലേറ്റിട്ടുണ്ട്​. പയ്യാവൂർ ഗവ. യു.പി സ്കൂളിൽ ഏഴാം ക്ലാസിലെത്തിയെങ്കിലും ഇതുവരെ സ്കൂളിൽ പോയിട്ടില്ല. നേരത്തെ ശ്രീകണ്ഠപുരം ബി.ആർ.സിയിൽനിന്ന് അധ്യാപിക വീട്ടിലെത്തിയായിരുന്നു വിഷ്ണുവിന്‍റെ പഠനം. തലയിൽ ശസ്ത്രക്രിയ നടത്തി രണ്ട് പൈപ്പ് സ്ഥാപിച്ചാണ് വെള്ളംനീക്കുന്നത്. ഇതിൽ തടസ്സം നേരിടുമ്പോൾ അടുത്ത ശസ്ത്രക്രിയ. ഇതുവരെയും രോഗം ഭേദമാകാത്തതിനാൽ വിഷ്ണുവിന്‍റെ കുടുംബം ദുരിതക്കയത്തിലാണിപ്പോൾ. ഏഴുവർഷം മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് വിഷ്ണുവിന്‍റെ പിതാവ് ഷാജി മരിച്ചു. ഭർത്താവിന്‍റെ വിയോഗശേഷം സിജി റബർ ടാപ്പിങ്​ നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. ചികിത്സ ചെലവ് വേറെയും. പ്ലസ്​ ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളും ഇവർക്കുണ്ട്. ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് വാടക വീട്ടിൽ താമസിച്ച് ഇതുവരെ ചികിത്സ നടത്തിയത്. നാട്ടുകാരും ആവുന്ന സഹായം നൽകി. നിലവിൽ ആശുപത്രിയിൽ പണമടച്ചാലേ വീട്ടിലേക്ക് വരാൻ സാധിക്കൂ. നിത്യചെലവിന് വരുമാനമില്ലാത്ത ഇവർ ആശുപത്രി ബില്ലടക്കാൻ പാടുപെടുകയാണ്. കനിവുള്ളവർ കനിഞ്ഞാൽ മാത്രമേ വിഷ്ണുവിന് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരാൻ കഴിയൂ. തുടർചികിത്സ വേറെയും. കനിവുള്ള മനസ്സുകളെ കാത്ത് ആശുപത്രിയിൽ കഴിയുകയാണീ കുടുംബം. ഏരുവേശ്ശി പഞ്ചായത്ത് വിഷ്ണുവിന്‍റെ ചികിത്സ സഹായത്തിനായി കമ്മിറ്റി രൂപവത്ക​രിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ കനറാ ബാങ്ക് നെല്ലിക്കുറ്റി ശാഖയിൽ അമ്മ സിജിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42502200005642. ഐ.എഫ്.എസ്.സി: CNRB0014250. ഗൂഗ്​ൾ പേ: 9613303090. ഫോൺ: 9562978501. ........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.