നടുവിൽ പഞ്ചായത്ത് ദത്തെടുത്ത് ജോൺ ബ്രിട്ടാസ്; 20 പദ്ധതികൾക്ക് അനുമതി

ശ്രീകണ്ഠപുരം: നടുവിൽ പഞ്ചായത്തിനെ ദത്തെടുക്കുന്നതായുള്ള ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രഖ്യാപനം യാഥാർഥ്യമായി. എം.പിയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ചാണ് അന്തിമ തീരുമാനമായത്. ജനങ്ങളുടെ സ്വപ്നപദ്ധതികളാണ് ഇതോടെ യാഥാർഥ്യമാവുക. ജോൺ ബ്രിട്ടാസിന്‍റെ ജന്മനാടായ പുലിക്കുരുമ്പയിലെ മിനി സ്റ്റേഡിയം നവീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. 40 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്. വൈതൽ മലയിലേക്ക് മഞ്ഞപ്പൂല്ലിൽനിന്ന്​ ട്രക്കിങ് നടപ്പാത നിർമിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം. നടുവിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ 10 ലക്ഷം അനുവദിക്കും. ഏഴ് റോഡുകൾ ടാർ ചെയ്യും. മണ്ടളം സെന്‍റ്​ ജൂഡ് നഗർ -പൊതിയോടം-ഭൂദാനം റോഡ്, ആശാൻ കവല -തലക്കല്ല് റോഡ്, ചുണ്ടക്കുന്ന് കോളനി റോഡ് (അഞ്ച് ലക്ഷം വീതം), അരങ്ങ് -പാത്തി റോഡ് (10 ലക്ഷം), മാവുഞ്ചാൽ റോഡ് (ആറ് ലക്ഷം), വെള്ളാട്-നറുക്കുംകര റോഡ് (4.2 ലക്ഷം), ഉത്തൂർ കോളനി റോഡ് (ആറ് ലക്ഷം), വായാട്ടുപറമ്പ് സ്കൂൾ, നടുവിൽ ഹയർസെക്കൻഡറി സ്കൂൾ, നടുവിൽ ടെക്നിക്കൽ സ്കൂൾ ലൈബ്രറികൾക്കായി പുസ്തകം വാങ്ങാൻ (25,000 രൂപ വീതം) വെള്ളാട്, പുലിക്കുരുമ്പ, പാത്തൻപാറ സ്കൂളുകളിൽ പുസ്തകങ്ങൾ വാങ്ങാൻ (10,000 രൂപ വീതം), നടുവിൽ എ.എൽ.പി സ്കൂളിന് ശൗചാലയം നിർമിക്കാൻ (രണ്ട് ലക്ഷം) തുടങ്ങി 20 പദ്ധതികളാണ് നടപ്പാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.