ട്രയൽറൺ 20ന് കണ്ണൂർ: പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും. പഴശ്ശി ഡാം മുതൽ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ റൺ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെളിയമ്പ്ര പഴശ്ശി ഗാർഡനിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാർട്ടേഴ്സ് സെക്ഷൻ പുതിയ ഓഫിസ് ഉദ്ഘാടനവും നടക്കും. ഈ ദിവസം കനാലിലൂടെ വെള്ളമൊഴുക്കി വിടുന്നതിനാൽ പഴശ്ശി ഡാം മുതൽ കീച്ചേരി വരെ മെയിൻ കനാലിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. 46 കിലോമീറ്റർ നീളമുള്ള മെയിൻ കനാലും ആറ് ബ്രാഞ്ച് കനാലും ഉൾപ്പെടെ ആകെ 440 കിലോ മീറ്റർ ദൈർഘ്യമുള്ള കനാൽ ശൃംഖലയും ഡാമും ഉൾപ്പെട്ട പദ്ധതി 1998ലാണ് പൂർണമായി കമീഷൻ ചെയ്തത്. ഡാം ഷട്ടറുകളുടെയും കനാലുകളുടെയും ചോർച്ച മൂലം റിസർവോയറിന് പൂർണ സംഭരണശേഷി ആർജിക്കാൻ സാധിച്ചില്ല. ഇതുമൂലം കാര്യക്ഷമമായ ജലവിതരണം നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. 2008ലാണ് അവസാനമായി ജലവിതരണം നടന്നത്. 2012ലെ മിന്നൽ പ്രളയത്തിൽ ഡാം കരകവിഞ്ഞ് അധികജലം മെയിൻ കനാലിലൂടെ ഒഴുകിയതു മൂലം ഡാമിന്റെ ഘടനക്ക് സാരമായ കേടുപാടുണ്ടായി. മെയിൻ കനാലിൽ രണ്ടിടത്ത് ഭീമമായ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. 2018 ലെ വെള്ളപ്പൊക്കത്തിൽ കനാലുകളിൽ കൂടുതൽ സ്ഥലങ്ങളിൽ ചോർച്ച രൂപപ്പെട്ടു. 2019 ലെ വെള്ളപ്പൊക്കത്തിൽ രണ്ടിടത്ത് വീണ്ടും വിള്ളലുണ്ടായി. ടണൽ ചളിമൂടി അടഞ്ഞു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഡ്രിപ് പദ്ധതിയിലൂടെ ഡാമിലെ കേടുപാടുകൾ പൂർണമായി പരിഹരിച്ച് പൂർണ സംഭരണശേഷിയിൽ വെള്ളം സംഭരിക്കാനുള്ള ശേഷി ആർജിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 6.76 കോടി ചെലവിൽ 2018ൽ പൂർത്തീകരിച്ചു. 2018 ലെ വെള്ളപ്പൊക്കത്തിലുണ്ടായ കെടുതികൾ 17 കോടി രൂപ ചെലവിൽ എസ്.ഡി.ആർ.എഫ് സ്‌കീം മുഖേന പൂർത്തീകരിച്ചുവരുന്നു. 93 പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതിൽ 81 പ്രവൃത്തികൾ പൂർത്തീകരിച്ചു. 12.44 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2019ലെ വെള്ളപ്പൊക്കത്തിൽ മെയിൻ കനാലിലെ അണ്ടർ ടണൽ, 110 കിലോ മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി എന്നിവ തകർന്നത് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അഞ്ചുകോടി ചെലവിൽ പുനരുദ്ധരിച്ചുവരുകയാണ്. ഈ പ്രവൃത്തി 82 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ ഫണ്ടുപയോഗിച്ച് 46 കി.മീ വരുന്ന പ്രധാന കനാലും 23 കി.മീ വരുന്ന മാഹി ഉപകനാലും ഉപയോഗയോഗ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. മാഹി ബ്രാഞ്ച് കനാലിൽ നിന്നും കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ നിലവും മെയിൻ കനാലിൽ നിന്നും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ, നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂർ, മയ്യിൽ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ നിലവും ജലസേചന യോഗ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.