ജലസുരക്ഷ സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു

ഇരിട്ടി: ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികളും ബോധവത്കരണവും കുട്ടികളിൽനിന്ന് തുടങ്ങണമെന്ന ലക്ഷ്യത്തോടെ പായം പഞ്ചായത്ത് നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിൽ കുട്ടികൾ നടത്തിയ സർവേയിൽ കണ്ടെത്തിയ നിർദേശങ്ങളാണ് പ്രകാശനം ചെയ്തത്. ജലസംരക്ഷണം കുരുന്നുകൈകളിലൂടെ എന്ന സർവേയുടെ പ്രകാശനം നവകേരള കർമപദ്ധതി സംസ്ഥാന കോഓഡിനേറ്റർ ടി.എൻ. സീമ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, ജില്ല ഹരിതകേരള മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, പഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ വി. പ്രമീള, പി.എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, മുൻ പ്രസിഡന്റ് എൻ. അശോകൻ, സി.ഡി.എസ് ചെയർപേഴ്‌സൻ സ്മിത, പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, അഷിത ഷാജി, എൻ. ലക്ഷ്മിലേഖ എന്നിവർ സംസാരിച്ചു. ജലസംരക്ഷണത്തിന് 32 തോടുകളിലായി 3000ത്തോളം താൽക്കാലിക തടയണകളും മൂന്ന് സ്ഥിരം തടയണകളും നിർമിച്ചു. 1,32,000 മഴക്കുഴികൾ, എട്ട് കുളങ്ങൾ, 162 കിണറുകൾ, 3759 മീറ്റർ തോടുകൾക്ക് സംരക്ഷണ ഭിത്തി, 5000 മീറ്റർ കയർ ഭൂവസ്ത്രം, 2000 കിണർ റീചാർജ്, വാർഡുകൾ തോറും ജലസഭ എന്നിവയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.