സർക്കാറിന്‍റെ കൈത്താങ്ങ്​; പിലാത്തറ യു.പി സ്കൂൾ അടച്ചുപൂട്ടില്ലെന്ന്​ -എം.എൽ.എ

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്തിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന യു.പി സ്കൂൾ അടച്ചുപൂട്ടില്ലെന്ന് എം. വിജിൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനേജ്മെന്റ് അത്തരമൊരു തീരുമാനത്തിലെത്തിയെങ്കിലും സർക്കാറിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂൾ തുടരും. 1952ൽ വി.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ച യു.പി സ്കൂൾ കഴിഞ്ഞ 10 വർഷമായി അനേകമായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. നിലവിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യകതക്കനുസരിച്ച് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്ത് നല്ല സൗകര്യത്തോടെയുള്ള ബഹുനില കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം പൂട്ടുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ അടുത്തകാലത്ത് രക്ഷിതാക്കളിലും പൊതു സമൂഹത്തിലും ആശങ്ക സൃഷ്ടിച്ചിരുന്നു. സ്കൂൾ പൂട്ടുകയല്ല കൂടുതൽ മികവോടെ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് ചെറുതാഴം പഞ്ചായത്ത് അധികൃതർ, എം. വിജിൻ എം.എൽ.എ, മാനേജ്മെന്റ്, അധ്യാപക രക്ഷാകർതൃ സമിതി എന്നിവർ ചേർന്ന് തീരുമാനമെടുത്തിട്ടുള്ളത്. പിലാത്തറ സ്കൂളിനെ കൂടുതൽ മികവോടെ മികച്ച നിലവാരത്തിൽ പ്രവർത്തിപ്പിക്കുന്നതിന് മുഴുവനാളുകളുടെയും സഹായ സഹകരണമുണ്ടാവണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, മാനേജർ കെ. ചന്ദ്രലേഖ, ഹെഡ് മാസ്റ്റർ മഹേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് എം. മുത്തുരാജ്, എം.വി. രവി, എം. രാജീവൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.