ഭക്തി നിറവിൽ മാടായി വടുകുന്ദ തടാകത്തിൽ പൂരംകുളിച്ചു പഴയങ്ങാടി: ജില്ലക്ക് പുറത്തുനിന്നടക്കം ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ഭക്തി നിർഭര നിറവിൽ മാടായി വടുകുന്ദ തടാകത്തിലെ പൂരം കളിയോടെ ഉത്തര കേരളത്തിലെ പ്രധാന പൂരോത്സവമായ മാടായി തിരുവർക്കാട്ട് കാവിലെ പുരോത്സവത്തിന് സമാപനമായി. വ്യാഴാഴ്ച രാവിലെ ആറോടെ മാടായി കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളിപ്പ് ദാരികൻ കോട്ടയിലെത്തിച്ചു. ദാരിക വധത്തിന് ശേഷം രൗദ്ര രൂപിണിയായ ദേവിയുടെ കോപം ശമനത്തിനായി പരമശിവൻ ശൂലം കുത്തി നിർമിച്ച തടാകത്തിൽ നീരാടി ദേവി കോപം ശമിപ്പിച്ചെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ദേവി വിഗ്രഹ നീരാട്ടിലൂടെ പൂരം കുളിക്കുന്നത്.തിടമ്പ് എഴുന്നള്ളിപ്പ് ദാരികൻ കോട്ടയിലെത്തിച്ച് വിവിധ പൂജകൾക്കും തുടർന്ന് നടന്ന ചടങ്ങായ ദാരികാസുര നിഗ്രഹത്തിനും ശേഷം രാവിലെ ഒമ്പതോടെ ദേവീ വിഗ്രഹ നീരാട്ടിലൂടെ വടുകുന്ദ തടാകത്തിൽ പൂരം കുളി നടത്തി. പത്മശാലിയ വിഭാഗത്തിന്റ പൂരക്കളിയും നടന്നു. പൂരംകുളിക്ക് ശേഷം മഞ്ഞൾ കുറിപ്രസാദം നൽകി അനുഗ്രഹം ചൊരിഞ്ഞു. പഞ്ചവാദ്യങ്ങളുടെയും കൊടിക്കൂറയുടെ അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്തും ക്ഷേത്രത്തിൽ വരവേൽപ്പും നടന്നു. രാത്രി പത്തോടെ കാമനെ അയക്കൽ ചടങ്ങ് നടന്നു. പൂരോത്സവത്തിനായി പുലർച്ചെ അഞ്ചോടെ തന്നെ മാടായിപ്പാറയിൽ ജനം ഒഴുകി തുടങ്ങിയിരുന്നു. മാടായിപ്പാറയിലെ പൂരോത്സവത്തിന് മീനമാസത്തെ കത്തുന്ന വെയിലും ചൂടും അതിജീവിച്ചാണ് ജനങ്ങൾ സാന്നിധ്യമേകിയത്. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.