കണ്ണൂർ: കോവിഡ് കാലത്ത് മികച്ച ഉപജീവന മാർഗം കണ്ടെത്തി ജീവിതവിജയം നേടിയ വനിതകളെ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഒരു പദ്ധതിയെങ്കിലും നടപ്പാക്കുമെന്ന് അവർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ 11 വനിതകളെയാണ് ആദരിച്ചത്. എടക്കാട് ബ്ലോക്കിലെ ടി. റീന, ഇരിക്കൂറിലെ തങ്കമ്മ മാർക്കോസ്, ഇരിട്ടിയിലെ എ. സീത, കല്യാശ്ശേരിയിലെ വി.വി. പങ്കജ, കണ്ണൂരിലെ കെ.വി. അൻസില, കൂത്തുപറമ്പിലെ എൻ. പ്രസീദ, പാനൂരിലെ കെ.എം. ജാനു, പയ്യന്നൂരിലെ കെ. രജനി, പേരാവൂരിലെ കെ.പി. പ്രേമ, തളിപ്പറമ്പിലെ ജോയ്‌സി കാപ്പച്ചേരി, തലശ്ശേരിയിലെ കെ. വിമല എന്നിവർ ആദരം ഏറ്റുവാങ്ങി. ഓരോ ബ്ലോക്കിൽനിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ഒരുവനിതയെയാണ് തെരഞ്ഞെടുത്തത്. ആട്, പശു, കോഴി എന്നിവയെ വളർത്തുന്നതിന് കൂടുകൾ, തൊഴുത്ത് തുടങ്ങിയവ നിർമിക്കുന്നതിനായിരുന്നു തൊഴിലുറപ്പ് പദ്ധതിയെ ഇവർ ഉപയോഗപ്പെടുത്തിയത്. ചടങ്ങിൽ ജില്ല ജോ. പ്രോഗ്രാം കോഓഡിനേറ്റർ ടി.പി. ഹൈദരലി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ, ജില്ല വനിത ക്ഷേമ ഓഫിസർ കെ. ബീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.