ആശ്വാസതീരമണഞ്ഞ് മെഡിക്കൽ വിദ്യാർഥികൾ

തളിപ്പറമ്പ് സ്വദേശികളായ മൂന്ന് വിദ്യാർഥികൾ യുക്രെയ്നിൽനിന്ന് വെള്ളിയാഴ്ച സുരക്ഷിതമായി നാട്ടിലെത്തി തളിപ്പറമ്പ്: യുക്രെയ്ൻ -റഷ്യ യുദ്ധമുഖത്തുനിന്ന് ആശ്വാസ തീരമണഞ്ഞ സന്തോഷത്തിലാണ് തളിപ്പറമ്പ് സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ. ദിവസങ്ങളോളം നീണ്ട യാത്രകൾക്കും മണിക്കൂറുകളുടെ കാത്തിരിപ്പിനും ഒടുവിലാണ് തളിപ്പറമ്പിലെ സ്വന്തം കുടുംബത്തിന്റെ കരുതലിലേക്ക് വെള്ളിയാഴ്ചയോടെ മൂന്നുപേരും എത്തിച്ചേർന്നത്. യുക്രെയ്നിലെ വിനിറ്റ്സിയ നാഷനൽ പിറഗോവ് സർവകലാശാലയിൽ ആദ്യവർഷ എം.ബി.ബി.എസ് വിദ്യാർഥികളായ പുഷ്പഗിരി ഗാന്ധിനഗറിലെ ജസീൽ മുനീർ, ഏഴാം മൈലിലെ ഫർഹാൻ അഷ്റഫ്, സയ്യിദ് നഗർ അള്ളാംകുളം റോഡിലെ അബ്ദുല്ല റഷീദ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയത്. 'യുദ്ധത്തിന്റെ മുന്നറിയിപ്പ് ലഭിച്ചെങ്കിലും എല്ലാം ശരിയാകുമെന്നാണ് കരുതിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോൾ റഷ്യൻ ആക്രമണം ശക്തമായി. ഇതോടെ കോളജ് അവധി പ്രഖ്യാപിച്ചു. അപായ സൈറൺ മുഴങ്ങുമ്പോഴെല്ലാം ബങ്കറിലായിരുന്നു നൂറോളം പേർ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും അൽപം കുറവുണ്ടായതോടെ ഇനിയെന്ത് എന്ന ആശങ്കയായിരുന്നു. ഹംഗറി അതിർത്തിയിലേക്ക് എത്താൻ എംബസിയിൽനിന്ന് നിർദേശം ലഭിച്ചതോടെയാണ് വീട്ടിലേക്ക് എത്താനാകുമെന്ന വിശ്വാസമുണ്ടായത്'- വിദ്യാർഥികൾ പറഞ്ഞു. റഷ്യൻ അധിനിവേശത്തിന് മുമ്പുതന്നെ കുട്ടികളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടത് ഏറെ ആശങ്കയുണ്ടാക്കിയെന്നും പിന്നീട് എംബസി ഉദ്യോഗസ്ഥരുമായും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ആത്മവിശ്വാസം നൽകുന്നതായിരുന്നുവെന്നും ജസീറിന്റെ പിതാവ് അധ്യാപകനായ മുനീർ പറഞ്ഞു. യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും സുഹൃത്തുക്കളടക്കം എല്ലാവരും സുരക്ഷിതരായി മടങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് മടങ്ങിയെത്തിയ വിദ്യാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.