സുവർണധാര ജലവിതരണ പദ്ധതി പ്രവർത്തനം നിലച്ചു ശ്രീകണ്ഠപുരം: നിടിയേങ്ങ സുവർണധാര ജലവിതരണ പദ്ധതി പ്രവർത്തനം നിലച്ചതോടെ മേഖലയിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. സ്വാമിമഠം പരിസരം, ഗവ. യു.പി സ്കൂൾ, എ.കെ.ജി സൻെറർ എന്നിവിടങ്ങളിലാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമായത്. പദ്ധതിയുടെ കിണർ പെരുങ്കടവിലും ടാങ്ക് നിടിയേങ്ങ ജി.യു.പി സ്കൂൾ പരിസരത്തുമാണ്. കിണറിൽനിന്ന് ടാങ്കിലേക്ക് പോകുന്ന ഇരുമ്പുപൈപ്പുകൾ തുരുമ്പിച്ച് നശിച്ചതാണ് പദ്ധതി പ്രവർത്തനം നിലക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ഈ ഭാഗങ്ങളിലെ 127 പേർക്കായിരുന്നു പദ്ധതി വഴി കുടിവെള്ളം വിതരണം ചെയ്തിരുന്നത്. അടുത്ത കാലത്തായി പുതുതായി 35 പേർക്കും കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. നാട്ടുകാർ അംഗങ്ങളായ ഒരുസംഘത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതി പ്രവർത്തിപ്പിക്കുന്നത്. നശിച്ച പൈപ്പുകൾ മാറ്റണമെങ്കിൽ രണ്ടര ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് ഇവർ പറയുന്നത്. പൈപ്പ് മാറ്റാനുള്ള തുക നിലവിൽ ജനകീയ സംഘത്തിലില്ല. അടുത്ത കാലത്തായി അംഗങ്ങളിൽനിന്ന് 1000 രൂപ വീതം വാങ്ങി പുതിയ മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ വെള്ളം കിട്ടിക്കൊണ്ടിരിക്കുന്ന 162 കുടുംബങ്ങൾക്കും ഇപ്പോൾ ഒരുതുള്ളി വെള്ളമില്ലാത്ത സ്ഥിതിയാണ്. പഴയ പൈപ്പ് മാറ്റുക മാത്രമാണ് പരിഹാരം. പെരുങ്കടവിൽനിന്ന് വെള്ളം പമ്പ് ചെയ്ത് സ്കൂളിന് സമീപത്തെ ടാങ്കിൽ എത്തുമ്പോഴേക്കും വെള്ളം പാതിവഴിയിൽ പാഴാകുന്ന സ്ഥിതിയാണ്. നഗരസഭയിലെ 28, 29 വാർഡുകളിലാണ് ഗുണഭോക്താക്കളുള്ളത്. വർഷങ്ങളായി ഈ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഫെബ്രുവരി മാസത്തോടെ നിടിയേങ്ങയിലെ കിണറുകൾ കൂട്ടത്തോടെ വറ്റുന്നതും പതിവാണ്. നിടിയേങ്ങ സ്വാമിമഠം, എ.കെ.ജി നഗർ, യു.പി സ്കൂൾ, ഭഗവതി ക്ഷേത്രം പരിസരങ്ങളിലെ നൂറോളം വീടുകളിലെ കിണറുകളാണ് പതിവായി വറ്റുന്നത്. നിടിയേങ്ങയിൽ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനായി 26 കോടി രൂപയുടെ കുടിവെള്ള പദ്ധതി എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് നേരത്തെ സമർപ്പിച്ചിരുന്നു. പന്ന്യാലിൽ കുളവും മോട്ടോറും ചേപ്പറമ്പിൽ ടാങ്കും നിർമിക്കുന്ന വിധത്തിൽ കുടിവെള്ള പദ്ധതി സ്ഥാപിക്കാനായിരുന്നു ധാരണ. എന്നാൽ, ഈ പദ്ധതിയും ഇതുവരെ യഥാർഥ്യമായില്ല. കിണറുകളിൽ വെള്ളം വറ്റിയതിനെ തുടർന്ന് ജനങ്ങൾ വ്യാപകമായി കുഴൽക്കിണറുകൾ കുഴിച്ചതാണ് മറ്റുള്ള കിണറുകളും വറ്റാനിടയാക്കിയതെന്ന് പറയപ്പെടുന്നു. നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിൽ നിടിയേങ്ങയിലെ ജലക്ഷാമത്തിനും ഭൂഗർഭജലം കുറയുന്നതിനും കാരണം നിയന്ത്രണമില്ലാതെ കുഴൽക്കിണർ കുഴിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.