വരുന്നു പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ

കണ്ണൂർ: നൂറ് പാഷൻ ഫ്രൂട്ട് ഗ്രാമങ്ങളൊരുക്കാൻ ജില്ല പഞ്ചായത്ത്​. കുടുംബശ്രീയുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ തിരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ.എൽ.ജി ഗ്രൂപ്പുകൾക്കാണ് പാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്യുന്നത്. ഓരോ ജെ.എൽ.ജി യൂനിറ്റും 10 സെന്റിലാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുക. ജില്ലയിൽ 10 ഏക്കറിൽ കൃഷി ചെയ്യാനുള്ള തൈകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പാഷൻ ഫ്രൂട്ടിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വരുമാനം കണ്ടെത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പാഷൻ ഫ്രൂട്ടിന്റെ പോഷകസമൃദ്ധിയും ഗുണവും സംബന്ധിച്ച ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണ്. അടുത്ത വർഷം ആകുമ്പോഴേക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ തലത്തിൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യൂനിറ്റുകൾ തുടങ്ങി പാഷൻ ഫ്രൂട്ട് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. വിളവെടുപ്പ് സമയമാകുമ്പോഴേക്കും 13 പഞ്ചായത്തുകൾക്കുമായി നാല് മൂല്യവർധിത യൂനിറ്റുകളെങ്കിലും തുടങ്ങും. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് കൃഷിക്കുവേണ്ട സ്ഥലം ഒരുക്കുന്നത്. മറ്റു പഞ്ചായത്തുകളിലേക്കുള്ള പാഷൻ ഫ്രൂട്ട് തൈകൾ അതത് കൃഷി ഓഫിസുകളിലേക്ക് ഇതിനകം നൽകി. ഗ്രൂപ്പുകൾക്ക് തൈകൾ സൗജന്യമായും ഉൽപാദനോപാദികൾ സബ്‌സിഡി നിരക്കിലുമാണ് അനുവദിക്കുന്നത്. 'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ' പദ്ധതിയുടെ തൈ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിർവഹിച്ചു. പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഇതിന്റെ തുടക്കമാണ് തൈ കൈമാറ്റമെന്നും ഇതിലൂടെ ഒരുപാട് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ചടങ്ങിൽ മുണ്ടേരി പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ് പ്രസിഡന്റ് മോഹിനിക്ക് പാഷൻ ഫ്രൂട്ട് തൈ കൈമാറി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പി. അനൂപ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, കുടുംബശ്രീ അസി. ജില്ല മിഷൻ കോഓഡിനേറ്റർ അജിത, ജില്ല പ്രോഗ്രാം മാനേജർ രമ്യ ഹരിദാസ്, സ്ഥിരം സമിതി ചെയർപേഴ്‌സന്മാരായ പി. സരള, കെ.കെ. രത്‌നകുമാരി, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ------------------ photo: giri 102 പാഷൻ ഫ്രൂട്ട് തൈകളുടെ വിതരണോദ്​ഘാടനം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.