ആദിവാസി ഭൂമി ആന സംരക്ഷണ കേന്ദ്രമാക്കുന്നതിനെതിരെ പ്രക്ഷോഭം

പേരാവൂർ: ആദിവാസി പുനരധിവാസത്തിന് വേണ്ടി പട്ടിക വർഗ ഫണ്ടുപയോഗിച്ച്​ വിലയ്ക്ക് വാങ്ങിയ ആറളം ഫാമിലെ അഞ്ഞൂറേക്കർ ആദിവാസി ഭൂമി പിടിച്ചെടുത്ത് ആന സംരക്ഷണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ്​ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ജില്ലയിൽ മാത്രം ഏഴായിരത്തിലേറെ ആദിവാസി കുടുംബങ്ങൾ ഭൂമിക്ക് അപേക്ഷ നൽകി കാത്തിരിക്കെയാണ് ആദിവാസി ഭൂമി അന്യാധീനപ്പെടുത്താൻ നീക്കമെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആറളം ഫാമിലെ തെങ്ങുകൾ ഭരണകക്ഷിയിലെ യൂനിയൻ തൊഴിലാളികൾക്ക് കള്ളു ചെത്തിന് പാട്ടത്തിന് കൊടുത്തതോടെയാണ് മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂലം ആനകൾ ഫാമിൽ തമ്പടിക്കുകയും തെങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയുമുണ്ടായത്. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളിൽ പത്തോളം പേർ ആനയുടെ ആക്രമണത്തിൽ മരിച്ചു. ആറളം ഫാമിൽ തെങ്ങ് കള്ളുചെത്തുന്നതിന് കൈമാറുന്നതിനു മുമ്പ് ആനകൾ കൂട്ടമായി ഫാമിൽ തമ്പടിച്ചിരുന്നില്ല. ഫാം നഷ്ടത്തിലായതിന്റെ പേരിൽ ആദിവാസികളല്ലാത്ത ഭരണകക്ഷിക്കാർക്ക് ലാഭം കൊയ്യാൻ ഫാമിലെ തെങ്ങുകൾ പാട്ടത്തിന് കൈമാറിയ നടപടി പിൻവലിച്ച് ഫാം സംരക്ഷിക്കണമെന്നും, ആദിവാസി ഭൂമി പിടിച്ചെടുക്കാനുള്ള വനം വകുപ്പ് നടപടിക്കെതിരെ പ്രക്ഷേഭം തുടങ്ങുമെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.