തലക്കുമീതെ തേനീച്ചക്കുട്ടം; ഭീതിയോടെ പ്രദേശവാസികൾ

കേളകം: അടയ്ക്കാത്തോട് ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ മരത്തിലെ തേനീച്ചക്കൂട്ടം പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഭീഷണിയാവുന്നു. യു.പി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിനോട് ചേർന്നുള്ള മരത്തിലാണ് തേനീച്ചക്കൂട്ടം കൂടുകൂട്ടിയത്. ഒരു മരത്തിൽതന്നെ 15ൽ അധികം തേനീച്ച കൂട്ടങ്ങളാണുള്ളത്. ഒന്നര വർഷമായി ഇവിടെ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചക്കൂട്ടം പ്രദേശവാസികൾക്ക് ഭീഷണിയാണ്. പ്രദേശവാസികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. കൂറ്റൻ മരത്തിലായതിനാൽ ഇവയെ എങ്ങനെ തുരത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സന്ധ്യയായാൽ വീട്ടിലെ വിളക്ക് വെട്ടത്തിലേക്ക് പറന്നടുക്കുന്ന തേനീച്ചക്കൂട്ടത്തെ പേടിച്ച് പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ ഈ മാസം 14 ന് തുറക്കുന്നതോടെ രക്ഷിതാക്കളുടെ ആശങ്കയും വർധിക്കുന്നു. പ്രദേശത്ത് പരുന്തിന്റെ സാന്നിധ്യം ഉള്ളതിനാൽ പരുന്ത് ആക്രമിച്ചാൽ തേനീച്ചകൾ ഇളകാൻ സാധ്യതയുണ്ട്. കടന്നൽ കുത്തേറ്റ് കഴിഞ്ഞദിവസം കേളകം ഇല്ലിമുക്കിൽ ഒരാൾ മരിച്ചിരുന്നു. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.