ചൂടില്‍ ഉരുകി ക്ഷീരമേഖല

തീറ്റപ്പുൽ ക്ഷാമത്തിൽ കർഷകർ ദുരിതത്തിലായി കേളകം: വേനൽ കടുത്തതോടെ മലയോര മേഖലയിലെ ക്ഷീര കർഷകരുടെ പ്രതിസന്ധി രൂക്ഷമായി. തീറ്റപ്പുല്ലിന് ക്ഷാമം നേരിടുന്നതിനാൽ കർഷകർ വിലകൊടുത്ത് വൈക്കോൽ വാങ്ങുകയാണ്​. ജലക്ഷാമവും വർധിച്ചു. കാലിത്തീറ്റ വിലയും ഉയർന്നു. ചൂട് കൂടിത്തുടങ്ങിയതോടെ പാൽ ഉൽപാദനവും കുറഞ്ഞിട്ടുണ്ട്​. കാലിത്തീറ്റയുടെ ഗണ്യമായ വിലവര്‍ധനവില്‍ കര്‍ഷകർ ആശ്രയിച്ചിരുന്നത് കൃഷിയിടങ്ങളിലും പുഴയോരങ്ങളിലുംനിന്ന്​ ശേഖരിക്കുന്ന പുല്ലായിരുന്നു. എന്നാൽ, കശുമാവ് തോട്ടങ്ങളുടെ വിളവെടുപ്പിനുള്ള തെളിക്കലും പുല്ലിന്‍റെ ക്ഷാമത്തിന് കാരണമായി. കാലിത്തീറ്റ വിലക്കുതിപ്പ് കർഷകർക്ക് ഇരുട്ടടിയാണ്​. സർക്കാർ സ്ഥാപനങ്ങളുടെയടക്കം കാലിത്തീറ്റ വില വർധിച്ചു. കേരള ഫീഡ്സിന്‍റെ ചാക്കിന് 1345 രൂപയാണ് വില. നേരത്തെയിത് 1000 രൂപയായിരുന്നു. മിൽമ കാലിത്തീറ്റക്ക്​ 25 രൂപ കുറഞ്ഞ് 1215 ആയത് അൽപം ആശ്വാസം നൽകുന്നു. സർക്കാർ സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനും ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ സംഭരണ കേന്ദ്രങ്ങൾ ഒരുക്കാത്തതാണ് തീറ്റവില ഇടക്കിടെ വർധിക്കുന്നതിന് കാരണം. എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവക്കും വില കൂടുകയാണ്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റക്ക് 100 -130 രൂപയിലധികം വില വർധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. ഇന്ധനവില വർധനയാണ് വൈക്കോലിന് വില കൂടാൻ കാരണമായത്. കൊയ്​ത്തുസീസൺ ആയതിനാൽ ഇപ്പോൾ വില ഉയർന്നിട്ടില്ല. 30 കിലോ റോൾ വൈക്കോലിന് 300 രൂപയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത് 450 വരെയെത്തും. വണ്ടിക്കൂലി കൂടി കണക്കാക്കിയാൽ വീണ്ടും വില ഉയരും. പാലിന് കുറഞ്ഞ വിലയാണ് കിട്ടുന്നതെങ്കിലും കാലികൾക്ക് തീറ്റ നൽകാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.