ദുരൂഹത ഉയർത്തിയ നിരീക്ഷണ കാമറകൾക്ക്​ അവകാശികളെത്തി

പൊതുസ്ഥലത്ത് പൊലീസോ നഗരസഭ അധികൃതരോ അറിയാതെ സ്ഥാപിച്ച രണ്ട് കാമറകളാണ് ദുരൂഹത ഉയർത്തിയത് തലശ്ശേരി: ദേശീയപാതയിൽ മെയിൻ റോഡിലും ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലുമായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ നിരീക്ഷണ കാമറകൾക്ക്​ അവകാശികളെത്തി. പൊതുസ്ഥലത്ത് പൊലീസോ നഗരസഭ അധികൃതരോ അറിയാതെ സ്ഥാപിച്ച രണ്ട് കാമറകളാണ് ദുരൂഹത ഉയർത്തിയത്. കാമറ സ്ഥാപിച്ചത് ആരെന്ന് അറിയാത്തതിനാൽ പൊലീസ് അഴിച്ചുമാറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ സ്വർണക്കടത്ത് സംഘമാകാം കാമറകൾ സ്ഥാപിച്ചതെന്ന അഭ്യൂഹവും പരന്നു. കാമറകളുടെ ഉദ്ദേശ്യമെന്തെന്നതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുമ്പോഴാണ് തങ്ങളുടെ കാമറകൾ കാണാതായതിനെക്കുറിച്ച് പരാതിയുമായി ദേശീയപാത അതോറിറ്റി അധികൃതരെത്തിയത്​. പിന്നീട് കാമറകൾ പൊലീസ് ദേശീയപാത വിഭാഗം അധികൃതർക്ക് കൈമാറി. നഗരസഭയും പൊലീസും ചേർന്ന് നഗരത്തിൽ പലയിടത്തായി നേരത്തെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. അവയിലേറെയും പ്രവർത്തനരഹിതമായി. ഇതിനിടയിലാണ് ഇവരൊന്നും അറിയാതെ രണ്ട് കാമറകൾ പ്രത്യക്ഷപ്പെട്ടത്. അതാണ് സംശയം ജനിപ്പിച്ചത്. എന്തായാലും കാമറ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ദേശീയപാത അതോറിറ്റിയും ദുരൂഹത നീങ്ങിയതിൽ പൊലീസും ആശ്വാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.