കോവിഡ്​ ജാഗ്രത സമിതികൾ കൂടുതൽ കാര്യക്ഷമമാക്കണം –ജില്ല ആസൂത്രണ സമിതി യോഗം

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികളും ആര്‍.ആര്‍.ടികളും കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം. ആസൂത്രണ സമിതി അധ്യക്ഷ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്‍റേതാണ്​ നിർദേശം. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഗൃഹനിരീക്ഷണം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പി.പി. ദിവ്യ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം. ഉത്സവകാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു​ണ്ടെന്ന്​ ഉറപ്പാക്കണം. ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. സ്വയം നിയന്ത്രണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രാദേശിക ബോധവത്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണം. ജില്ലയില്‍ 184 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഏഴ് കോടി രൂപ വീതം അനുവദിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മത്സ്യഫെഡിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹൈടെക് ഫിഷ്​ മാർട്ട്​ നിര്‍മിച്ചുനല്‍കുമെന്ന് മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് യോഗം നിർദേശം നല്‍കി. നഗരസഞ്ചയ പഞ്ചവത്സര പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. 14ാം പഞ്ചവത്സര പദ്ധതിയുടെ വികസനരേഖ മാര്‍ച്ച് 10നകം പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപന പരിധിയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വികസനത്തിനായി ഡി.പി.ആര്‍ തയാറാക്കാനും യോഗം നിർദേശിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.