ഹോട്ടലുടമയുടെ കൊല; പ്രതികൾ പിടിയിലായത്​ മണിക്കൂറുകൾക്കകം

കണ്ണൂർ: ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് ഹോട്ടലുടമ ജസീറിന്‍റെ കൊലയുമായി ബന്ധപ്പെട്ട്​ പ്രതികൾ പിടിയിലായത്​ മണിക്കൂറുകൾക്കകം. കണ്ണൂർ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിലാണ്​ കേസിലെ രണ്ട്​ പ്രതികളെയും സംഭവം നടന്ന്​ ഉടൻ പിടികൂടിയത്​. സമീപത്തെ കടകളിലെയടക്കം സി.സി.ടി.വി പരിശോധിച്ചപ്പോൾ, പ്രതികൾ കൃത്യം നടത്തിയതിനുശേഷം ഓടിരക്ഷപ്പെടുന്ന ദൃശ്യം പൊലീസിന്​ ലഭിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഉരുവച്ചാൽ സ്വദേശി ഹനാൻ, ആദികടലായി സ്വദേശി റബീഹ് എന്നിവരെ പിടികൂടുന്നത്​​. തിങ്കളാഴ്ച അർധരാത്രി 12.30ഓടെ ആയിക്കര മത്സ്യ മാർക്കറ്റിനടുത്തായിരുന്നു സംഭവം. പ്രതികൾ സംഭവസ്ഥലത്ത്​​ ബൈക്കിലായിരുന്നു ഉണ്ടായിരുന്നത്​. ഈ സമയത്ത്​ ഇവിടെയെത്തിയ ജസീർ കാർ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട്​ പ്രതികളുമായി പെട്ടെന്നുണ്ടായ വാക്കു​തർക്കവും കൈയാങ്കളിയുമാണ്​​ കൊലയിലേക്ക്​ നയിച്ചതെന്ന്​ സിറ്റി പൊലീസ്​ മേധാവി ആർ. ഇള​ങ്കോ അറിയിച്ചു. ഇതിൽ റബീഹ്​ ആയുധംകൊണ്ട്​​ ജസീറിന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ ​മനസ്സിലായതെന്ന്​​ പൊലീസ്​ അറിയിച്ചു. ഹനാൻ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന്​ ലഭിച്ചതായി സൂചനയുണ്ട്​. പ്രതികൾ എന്തിന് അർധരാത്രിയിൽ ആയുധവുമായി ഇവിടെ എത്തിയെന്നത് അന്വേഷിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും ആർ. ഇള​ങ്കോ പറഞ്ഞു. പ്രതികൾക്ക്​ മറ്റ്​ ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതും കൊല മദ്യലഹരിയിലാണോ എന്ന കാര്യവും അന്വേഷണത്തിലാണെന്ന്​ കമീഷണർ അറിയിച്ചു. ജസീറിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത്​ ​കൂടെയുണ്ടായിരുന്ന, ജസീറിന്‍റെ സുഹൃത്ത്​ അഭീഷിന്‍റെ പരാതിയിലാണ്​ സംഭവത്തിൽ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. കേസിൽ പ്രതികളായവർ ലഹരിക്കടിമകളാണെന്നാണ്​ പ്രദേശവാസികളുടെ ആക്ഷേപം. കൊലയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ്​​ അസോ. ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഹോട്ടലുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷൻ കെ. അച്യുതൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.