കാത്തിരിപ്പിനൊടുവിൽ എരഞ്ഞോളി പാലം തുറന്നു

തലശ്ശേരി: നാട്ടുകാരുടെ ആഹ്ലാദത്തിമിർപ്പോടെ എരഞ്ഞോളി പുതിയ പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലം യാഥാർഥ്യമാക്കി കിട്ടിയ നാട്ടുകാരുടെ കരഘോഷത്തിനിടയിൽ മന്ത്രി മുഹമ്മദ് റിയാസും എ.എൻ. ഷംസീർ എം.എൽ.എയും സ്കൂട്ടറിൽ പാലത്തിലൂടെ സഞ്ചരിച്ചു. പിന്നാലെ മറ്റു വാഹനങ്ങളും കടത്തിവിട്ടു. രാവിലെ പത്തരയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് എരഞ്ഞോളിയിൽ പുതിയ പാലം യാഥാർഥ്യമായത്. പാലം തുറന്നതോടെ തലശ്ശേരി - വളവുപാറ അന്തർസംസ്ഥാന പാതയിലെ യാത്ര ദുരിതത്തിന് അറുതിയായി. വർഷങ്ങളായി അനുഭവപ്പെടുന്ന ഈ ഭാഗത്തെ ഗതാഗത കുരുക്കിനും ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ജില്ല പഞ്ചായത്ത് അംഗം എ. മുഹമ്മദ് അഫ്സൽ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീഷ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക, സാംസ്കാരിക മേഖലയിലെ നിരവധിയാളുകളും ചടങ്ങിൽ പങ്കെടുത്തു. പാലം ഉദ്ഘാടനത്തിന്റെ സന്തോഷ സൂചകമായി നാട്ടുകാർക്കും യാത്രക്കാർക്കും മധുര പലഹാര വിതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.