കൂട്ടുപുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

ഇരിട്ടി: കേരള -കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തിൽ ലളിതമായ ചടങ്ങിലായിരുന്നു ഉദ്‌ഘാടനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സണ്ണി ജോസഫ് എം.എൽ.എ, വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ, കുടക് ജില്ലയിൽ നിന്നുള്ള കർണാടക ലജി​സ്ലേറ്റിവ് അംഗം സുജ കുശാലപ്പ, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി തുടങ്ങിയവർ തുറന്ന ജീപ്പിൽ പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്‌ഘാടനം. ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കർണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഉദ്‌ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്പേട്ട എം.എൽ.എയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിൽപെടുത്തി 356 കോടിയുടെ തലശ്ശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമിച്ചത്. ഇതിന്റെ നിർമാണത്തിൽ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. ആറുമാസംകൊണ്ട് തീർക്കേണ്ട പണി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കുടക് ഡി.സി.സി സെക്രട്ടറി പി.കെ. പൃഥ്വിനാഥ്‌, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, എൻ. അശോകൻ, ഇ.എസ്. സത്യൻ, സിബി വാഴക്കാല, വത്സൻ തില്ലങ്കേരി, വി.വി. ചന്ദ്രൻ, എം.ആർ. സുരേഷ്, പ്രിജേഷ് അളോറ, സജിത്ത് ചാവശ്ശേരി തുടങ്ങിയവരും പങ്കെടുത്തു. ----------- പഴയ പാലം ചരിത്ര സ്മാരകമാക്കണം ഇരിട്ടി: ബ്രിട്ടീഷുകാർ നിർമിച്ച, ഇരിട്ടി പുതിയ പാലത്തോട് ചേർന്നുള്ള പഴയ പാലം ചരിത്ര സ്മാരകമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന് നിവേദനം നൽകി. ആവശ്യമായ പരിശോധനകൾ നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.