ആറളത്തെ ഭവനനിർമാണ മേഖലയിൽ ചുവടുറപ്പിച്ച് കുടുംബശ്രീ

ആറളത്തെ ഭവനനിർമാണ മേഖലയിൽ ചുവടുറപ്പിച്ച് കുടുംബശ്രീ കേളകം: ആറളം ഫാം പുനരധിവാസമേഖലയിൽ കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള കുടുംബശ്രീ കൺസ്ട്രക്‌ഷൻ വിഭാഗം വീടുനിർമാണത്തിൽ ചുവടുറപ്പിക്കുന്നു. നിർമിതികേന്ദ്രയും സ്വകാര്യസംരംഭകരും ഗുണഭോക്താക്കളുമെല്ലാം വീടുനിർമാണം ഏറ്റെടുത്തെങ്കിലും പൂർത്തീകരിക്കാനായില്ല. അഴിമതി ആരോപണത്തെയും വീടിന്റെ ഗുണമേന്മയെയും കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ ഏജൻസിയായ നിർമിതിയെ പുരനധിവാസമേഖലയിലെ വീടുനിർമാണത്തിൽനിന്ന് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഫാമിൽ 3000ത്തോളം കുടുംബങ്ങൾക്കാണ് വീട് നിർമിക്കേണ്ടത്. ഇതിൽ 2000ത്തോളം വീടുകളിൽ കുറെയെണ്ണം പൂർത്തിയായെങ്കിലും പലതും പാതിവഴിയിലാണ്. പൂർത്തിയായ വീടുകളിൽതന്നെ പലതും വാസയോഗ്യവുമല്ല. ഇത്തരം പ്രതിസന്ധിക്കിടയിലാണ് കുടുംബശ്രീ കൺസ്​ട്രക്‌ഷൻ വിഭാഗം പുനരധിവാസമേഖലയിൽ വീട് നിർമാണത്തിനിറങ്ങിയത്.10 വനിത അംഗങ്ങൾ മാത്രമുള്ള രണ്ട് കൺസ്ട്രക്‌ഷൻ ഗ്രൂപ്പാണ് മേഖലയിൽ വീട് നിർമാണത്തിൽ സജീവമായത്. ആറളം പഞ്ചായത്തിൽ കുടുംബശ്രീ വനിത കൺസ്‌ട്രക്‌ഷൻ വിഭാഗം അഞ്ചു വീടുകളാണ് നിർമിച്ചത്. ഇതിൽ രണ്ടു വീടുകൾ പൊതുവിഭാഗത്തിൽപെട്ടവർക്കും മൂന്നുവീടുകൾ പട്ടികജാതി -വർഗ വിഭാഗത്തിൽപെട്ടവർക്കുമാണ്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒന്നരവർഷം മുമ്പ്​ നിർമാണം തുടങ്ങിയ മൂന്ന് വീടുകൾകൂടി പൂർത്തിയാക്കി താക്കോൽ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.