ഒരുങ്ങുന്നു; കണ്ണൂരിൽ കമ്യൂണിസ്റ്റ്​ മ്യൂസിയം

പടം -സന്ദീപ്​ കണ്ണൂർ: കരിവെള്ളൂരും കയ്യൂരും കാവുമ്പായിയും തലശ്ശേരിയും മട്ടന്നൂരും മൊറാഴയുമടക്കമുള്ള പടനിലങ്ങളിലൂടെ കണ്ണൂരും കേരളവും ചുവന്നത്​ ഏങ്ങനെയെന്ന്​ ബർണശ്ശേരിയിലെ കമ്യൂണിസ്റ്റ്​ മ്യൂസിയം പറയും. 1939ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തനത്തിന് തീരുമാനമെടുത്ത ജില്ലയിലെ പിണറായി പാറപ്രം സമ്മേളന ദൃശ്യങ്ങളുടെ പുനരാവിഷ്കാരം, ഇ.കെ. നായനാരുടെ നേതൃത്വത്തിൽ നടന്ന കയ്യൂർ സമരം, കേരളത്തിലെ കർഷകസമരങ്ങളായ കരിവെള്ളൂർ, മൊറാഴ എന്നിവയുടെ പുതിയ പതിപ്പുകൾ, മറ്റു ദേശീയ സമരങ്ങൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ടാകും. പാറപ്രം സമ്മേളനത്തോടെയാണ് വടക്കെ മലബാറിലാകെ എണ്ണമറ്റ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ ഇരമ്പിയത്. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിക്ക്​ പിറവിപൂണ്ട കണ്ണൂരിന്‍റെ മണ്ണിൽ ഒരുങ്ങുന്നത്​ പാർട്ടിയുടെ ചരിത്രം ആലേഖനം ചെയ്യുന്ന വിപുലമായ മ്യൂസിയമാണ്​. കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാദമിയിലാണ്​ ഇതിന്‍റെ അവസാനഘട്ട പ്രവൃത്തി നടക്കുന്നത്​. ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രിയും കയ്യൂർ സമരത്തിന്റെ മുന്നണിപ്പോരാളിയും കേരളത്തിന്റെ ജനപ്രിയ നേതാവുമായ ഇ.കെ. നായനാരുടെ ഓർമകളും മ്യൂസിയത്തിലൂടെ പുനർജനിക്കും. ഏപ്രിലിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന നായനാർ അക്കാദമിയിൽ മാർച്ച് ആദ്യവാരത്തോടെ മ്യൂസിയം സജ്ജമാക്കാനാണ്​ തീരുമാനം. 18,000 ചതുരശ്ര അടിയിലാണ് മ്യൂസിയം രൂപകൽപന ചെയ്യുന്നത്. സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം എന്നിവ രൂപകൽപന ചെയ്ത ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെ ബോർഡ് അംഗം കൂടിയായ ചെന്നൈ സ്വദേശി വിനോദ് ഡാനിയലാണ് രൂപകൽപന. രാജ്യാന്തര മ്യൂസിയങ്ങളുടെ സംരക്ഷകൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കമ്യൂണിസ്റ്റ് ​ ചരിത്രത്തോടും പുതുതലമുറയുടെ അഭിരുചിയോടും നീതി പുലർത്തുന്ന തരത്തിലാണ് മ്യൂസിയം രൂപകൽപന. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റിവ് ഹെഡ്. നായനാരുടെ ജനകീയ സ്വഭാവം പ്രകടമാക്കുന്ന ദൃശ്യങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന ജുബ്ബ, പേന, റേഡിയോ, എഴുതിയ പുസ്തകങ്ങൾ, അപൂർവ ഫോട്ടോകൾ..... എന്നിവയും മ്യൂസിയത്തിലുണ്ടാകും. 10 മിനിറ്റോളം ദൈർഘ്യമുള്ള ഓറിയന്റേഷൻ തിയറ്ററിൽ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യും. 3 ഡി ടെക്നോളജിയിൽ പൂർണമായും പുതിയൊരു അനുഭവമായി മാറുന്നതായിരിക്കും മ്യൂസിയം. സാങ്കേതിക വിദഗ്ധരും കലാസംവിധായകരുമായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയത്തിനുപിന്നിൽ അണിനിരക്കുന്നുണ്ട്. എറണാകുളത്തും ബംഗളൂരുവിലുംവെച്ചാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, അക്കാദമി ഡയറക്ടർ പ്രഫ. ടി.വി. ബാലൻ എന്നിവരാണ് മ്യൂസിയത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. നായനാർ അക്കാദമിയോളം പൊക്കത്തിലുള്ള, ആകാശത്തേക്ക് മുഷ്ടിചുരുട്ടി നിൽക്കുന്ന അടിച്ചമർത്തപ്പെട്ടവന്റെ 28 അടിയുള്ള ശിൽപവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലെ എല്ലാ രക്തസാക്ഷികളുടെയും പേരുകൾ ആലേഖനം ചെയ്യുന്ന ചുമരും അക്കാദമിയിലൊരുങ്ങുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.