യു.ഡി.എഫ് ധർണ

ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി മിനുട്​സ്​ തിരുത്തി നിയമവിരുദ്ധ നിയമനം നടത്തിയതായി ആരോപിച്ച് യു.ഡി.എഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. നിയമങ്ങൾ കാറ്റിൽപറത്തി പഞ്ചായത്ത് പ്രസിഡൻറിന്‍റെ ഒത്താശയോടെ പഞ്ചായത്ത്‌ സെക്രട്ടറി താൽക്കാലിക നഴ്സിനെയും ഡ്രൈവറെയും നിയമിച്ചതായാണ് പരാതി. വിഷയത്തിൽ നൽകിയ നോട്ടീസ് ഭരണസമിതി യോഗത്തിന്‍റെ തുടക്കത്തിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. തുടർന്നാണ് പ്രതിഷേധ ധർണ നടത്തിയത്. പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ അജണ്ടയിൽ ഇല്ലാത്തതും ചർച്ച ചെയ്യാത്തതുമായ വിഷയം പിന്നീട് മിനുട്​സ്​ ബുക്കിൽ എഴുതിച്ചേർത്തതായാണ് പരാതി. 2021 ജൂലൈ 10ന് നടന്ന ഭരണ സമിതി യോഗത്തിന്‍റെ മിനുട്​സിലാണ് അനധികൃത നിയമനം ഉൾപ്പെടുത്താൻ തിരുത്തൽ നടത്തിയതെന്നാണ് പരാതി. 2015 -20 കാലയളവിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരമില്ലാതെയാണ് പാലിയേറ്റിവ് നഴ്സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. അഞ്ചുവർഷം അംഗീകാരമില്ലാതെ പ്രവർത്തിച്ച നഴ്സിന് നൽകിയ ശമ്പളവും മറ്റ് ആനുകൂല്യവും ഇതിന് ഉത്തരവാദികളായവരിൽനിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടും ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടും ടി.എച്ച്. അസ്​ലം പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ഓംബുഡ്സ്മാൻ, വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, ജില്ല കലക്ടർ തുടങ്ങിയവർക്ക്​ പരാതി നൽകി. ധർണ യു.ഡി.എഫ് തലശ്ശേരി മണ്ഡലം കൺവീനർ സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് പി.സി. റിസാൽ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി ഷാനിദ് മേക്കുന്ന്, ടി.എച്ച്. അസ്‌ലം, എൻ.കെ. പ്രേമൻ, സാജിത്ത് പെരിങ്ങാടി, സി.ആർ. റസാഖ്, കെ. സുലൈമാൻ, പി.പി. മുഹമ്മദ്‌ അലി, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ കുഞ്ഞിതയ്യിൽ, ഷഹദിയ മധുരിമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.