ഏഴിമല -പുളിങ്ങോം -ബാഗമണ്ഡലം പാത; കര്‍മസമിതി പുനഃസംഘടിപ്പിച്ചു

ചെറുപുഴ: ഏഴിമല നാവിക അക്കാദമിക്കും പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രത്തിനും പ്രയോജനപ്പെടുന്ന വിധത്തില്‍ പുളിങ്ങോത്തുനിന്നും കര്‍ണാടക വനത്തിലൂടെ തലക്കാവേരിയിലെത്തുന്ന മണ്ണുറോഡ് വികസിപ്പിച്ച് റോഡാക്കി മാറ്റുന്നതിന് നാല്​ ദശാബ്ദമായി നടത്തുന്ന ശ്രമങ്ങള്‍ പുനരാരംഭിക്കുന്നതിന് കര്‍മസമിതി പുനഃസംഘടിപ്പിച്ചു. പാതക്കുവേണ്ടി കേരള അതിര്‍ത്തിയില്‍ കാര്യങ്കോട് പുഴക്കുകുറുകെ പുളിങ്ങോത്ത് 16 വര്‍ഷംമുമ്പ്​ കോണ്‍ക്രീറ്റ് പാലം പണിതിരുന്നു. ഈ പാലം കടന്ന് തലക്കാവേരിയിലെത്തുന്ന 18 കിലോമീറ്റര്‍ വനപാത വികസിപ്പിച്ച് കേരളത്തില്‍നിന്ന്​ കര്‍ണാടകയിലേക്ക് യാത്രാസൗകര്യമൊരുക്കണമെന്നാണ് ആവശ്യം. കര്‍ണാടക വനംവകുപ്പിന്റെ അനുമതിയോടെ വര്‍ഷങ്ങളോളം മലയാളികള്‍ ഉപയോഗിച്ചിരുന്ന പാത സ്ഥിരമായി തുറന്നുകിട്ടുന്നതിന് വിവിധ തലങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്​ പാതിവഴിയില്‍ നിലക്കുകയായിരുന്നു. ഇപ്പോള്‍ ഈ പാതയോ പുളിങ്ങോത്തുനിന്നും കാനംവയല്‍ വഴി കര്‍ണാടകയിലെ കോറങ്കാലയിലെത്തുന്ന വിധത്തിലോ റോഡ് തുറന്നുകിട്ടുന്നതിന്റെ സാധ്യതകളാണ് കര്‍മസമിതി തേടുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിദഗ്​ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി തുടര്‍നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിനും കേന്ദ്ര ഉപരിതല ദേശീയപാത മന്ത്രാലയത്തിനും നിവേദനം നല്‍കാന്‍ ചെറുപുഴയില്‍ ചേര്‍ന്ന കര്‍മസമിതി യോഗം തീരുമാനിച്ചു. ചെറുപുഴ പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.എഫ്. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം. ബാലകൃഷ്ണന്‍, കെ.എം. ഷാജി എന്നിവരും അഡ്വ. ടോണി ജോസഫ്, കുടിയില്‍ കൃഷ്ണൻ, ശശി പലേരി, കെ.ഡി. അഗസ്റ്റ്യന്‍, ടോമി പ്ലാച്ചേരി, മോഹനന്‍ പലേരി, രാജു ചുണ്ട, ജോസഫ് മുള്ളന്‍മട, ജോണ്‍സണ്‍ ജെ. പടിഞ്ഞാത്ത്, അഭിലാഷ് കരിച്ചേരി, റെജി ജോണ്‍, കെ.യു. തോമസ് എന്നിവരും സംസാരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.