ആളുകൂടിയാൽ 'ആക്ഷൻ'...

ആളുകൂടിയാൽ 'ആക്ഷൻ'...-വിവാഹങ്ങളും ഉത്സവങ്ങളും രജിസ്​റ്റര്‍ ചെയ്യണം-വരും ദിവസങ്ങളിൽ നടക്കാനുള്ളത്​ 150ലേറെ ഉത്സവങ്ങള്‍കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്​ കണ്ണൂർ. ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറി​ന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. ജില്ല എ വിഭാഗത്തിലായതിനാൽ പൊതുപരിപാടികളില്‍ 50 പേര്‍ മാത്രമേ പാടുള്ളൂ. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണം. നിശ്ചിത ആളുകളില്‍ കൂടുതലുണ്ടായാല്‍ നിയമാനുസൃത നടപടി കൈക്കൊള്ളും. രാത്രികാല ടര്‍ഫ് ഫുട്‌ബാള്‍ മത്സരങ്ങളില്‍ അമ്പതിലേറെ പേര്‍ കൂട്ടംകൂടുന്നത് നിയന്ത്രിക്കാനും യോഗം പൊലീസിന് നിർദേശം നല്‍കി. സമീപ ദിവസങ്ങളിലായി 150ലേറെ ഉത്സവങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കാനിടയുണ്ടെന്ന് പൊലീസ് യോഗത്തില്‍ അറിയിച്ചു. ഉത്സവങ്ങള്‍ക്ക് ആളുകളെ പരിമിതപ്പെടുത്തുന്നതും കലാപരിപാടികള്‍ ഒഴിവാക്കുന്നതും സംബന്ധിച്ച് ഉത്സവ കമ്മിറ്റികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കും. കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ചര്‍ച്ച നടത്തും.വാര്‍ഡ്തല ജാഗ്രതാസമിതികളുടെയും ആര്‍.ആര്‍.ടികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശുപത്രിസേവനം ആവശ്യമുള്ള കോവിഡ് രോഗികള്‍ നിർബന്ധമായും കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ സഹായം തേടണമെന്നും യോഗം അറിയിച്ചു. കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ജില്ല കണ്‍ട്രോള്‍ റൂം വഴി മാത്രമായിരിക്കും കോവിഡ് രോഗികളെ പ്രവേശിപ്പിക്കുക. തളിപ്പറമ്പ് എഫ്.എല്‍.ടി.സിയില്‍ കൂടുതല്‍ ജീവനക്കാര്‍ ചുമതലയേറ്റെടുക്കുന്നമുറക്ക്​ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ബി വിഭാഗം രോഗികളെ അങ്ങോട്ട് മാറ്റാനും തീരുമാനമായി. നിലവില്‍ പരിയാരത്തുള്ള കോവിഡ് രോഗികളില്‍ 50 ശതമാനത്തോളം ബി വിഭാഗത്തിലുള്ളവരാണ്​. സി വിഭാഗത്തിലുള്ള (ഗുരുതരാവസ്ഥയിലുള്ള) രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ഈ തീരുമാനം.കുട്ടികളുടെ വാക്‌സിനേഷന്‍ ഇതിനകം 89 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവരെക്കൂടി വാക്‌സിന്‍ എടുപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു. ഗോത്ര മേഖലകളില്‍ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ, ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്ക് എന്നിവര്‍ പങ്കെടുത്തു.-------------പകുതി കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണം*ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാൽ പ്രസവമടക്കമുള്ള കാര്യങ്ങള്‍ക്ക്​ അതത് ആശുപത്രികളില്‍തന്നെ പ്രത്യേകം സംവിധാനം ഒരുക്കണംജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വൻെറിലേറ്റര്‍ എന്നിവയുടെ 50 ശതമാനം കോവിഡ്- ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഈ നിര്‍ദേശം. രോഗവ്യാപനം സംസ്ഥാനത്ത് രൂക്ഷമായതോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിവരുന്ന ഡയാലിസിസ് രോഗികള്‍ കോവിഡ് പോസിറ്റിവ് ആയാല്‍ അവരെ ഡയാലിസിസ് ചെയ്യുന്നതിനായി അതത് ആശുപത്രികളില്‍തന്നെ പ്രത്യേകം സംവിധാനം ഒരുക്കണം. പോസിറ്റിവ് ആകുന്നവരുടെയും അഡ്മിഷന്‍ -ഡിസ്ചാര്‍ജ് ആകുന്നവരുടെയും വിവരങ്ങളും ആശുപത്രികളിലെ നോര്‍മല്‍ ബെഡ്, ഓക്‌സിജന്‍ ബെഡ്, ഐസി.യു, വൻെറിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ കൃത്യമായ വിവരങ്ങളും യഥാസമയം ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കണം.സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന അഡ്മിഷന്‍- ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം എല്ലാ സ്വകാര്യ ആശുപത്രി അധികൃതരും കൃത്യമായി പാലിക്കേണ്ടതും ആയത് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. മറ്റ്​ അനുബന്ധ രോഗങ്ങള്‍ ഇല്ലാത്ത എ വിഭാഗം രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രീതി അധികൃതര്‍ സ്വീകരിക്കരുത്.പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ സി വിഭാഗം രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാല്‍ ജില്ല കണ്‍ട്രോള്‍ സെല്‍ മുഖാന്തരം മാത്രമേ സ്വകാര്യ ആശുപത്രികളില്‍നിന്ന് പരിയാരത്തേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ പാടുള്ളൂ.എല്ലാ സ്വകാര്യ ആശുപതികളും ഒരു സര്‍ജ് പ്ലാന്‍ തയാറാക്കി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമ്പോള്‍ ജില്ല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെട്ട് നടപടി പൂര്‍ത്തിയാക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിവരുന്ന ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റിവ് ആകുന്നപക്ഷം അവരുടെ പ്രസവമടക്കമുള്ള കാര്യങ്ങള്‍ക്കായി അതത് ആശുപത്രികളില്‍തന്നെ പ്രത്യേകം സംവിധാനം ഒരുക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.