തൈക്വാൻഡോയിൽ മൂന്നര പതിറ്റാണ്ട്; ചരിത്രമെഴുതി വേണുഗോപാൽ

രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: കൊറിയൻ ആയോധന കലയിലെ മലയാളി സാന്നിധ്യമായി വേണുഗോപാൽ കൈപ്രത്ത്. കഴിഞ്ഞ 35 വർഷമായി തൈക്വാൻഡോ പ്രചാരകനായും പരിശീലകനായും പ്രവർത്തിക്കുകയാണ് ഈ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി. 1984ൽ തലശ്ശേരി പൊന്ന്യം എ.കെ.ജി കളരി സംഘത്തിൽ ആയോധനവിദ്യ അഭ്യസിച്ചാണ്​ ഇദ്ദേഹം ഈ രംഗത്ത് കടന്നുവന്നത്. 1986ൽ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ പരിശീലന ക്ലാസ് ആരംഭിക്കുമ്പോൾ തൈക്വാൻഡോവിനെക്കുറിച്ച് പലരും അജ്ഞരായിരുന്നു. തൈക്വാൻഡോയിൽ ബുദ്ധി ഉപയോഗിച്ച് എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടിയറിഞ്ഞാണ് ഓരോചുവടും വെക്കേണ്ടത്. ഇതിൽ പൂർണവിജയം വരിക്കാൻ വേണുഗോപാലന് കഴിഞ്ഞു. തുടർന്ന് പരിശീലനം കുഞ്ഞിമംഗലത്തെ വീട്ടിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. നാട്ടുകാരും പരിസരവാസികളും പുതിയ ആയോധന കലയിൽ ആകൃഷ്ടരായതോടെ പ്രദേശത്ത് തൈക്വാൻഡോയുടെ പ്രചാരണത്തിന് വേഗതയും വിശ്വാസ്യതയും വർധിച്ചു. ഒട്ടനവധി ശിഷ്യഗണങ്ങളാൽ സമ്പന്നനായ ഇദ്ദേഹം പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ട വേണുമാഷായി. 1991ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ലഭിച്ചതോടെ തൈക്വാൻഡോ എന്ന ആയോധന കലക്ക്​ വടക്കൻ കേരളത്തിൽ കൂടുതൽ ജനസമ്മതി ലഭിച്ചു. 1992ൽ ബാംഗളൂരുവിൽ ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽട്ടും 1995ൽ ചണ്ഡിഗഢിൽനിന്ന് സെക്കൻഡ്​ ഡിഗ്രി ബ്ലാക്ക് ബെൽട്ടും മുംബൈയിൽനിന്ന് ഫോർത്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ടും 2002ൽ ഇംഗ്ലണ്ടിൽനിന്ന് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ടും കരസ്ഥമാക്കിയതോടെ ഇദ്ദേഹം ഈ രംഗത്തെ പകരക്കാരനില്ലാത്തയാളായി. 2002 മുതൽ 2005 വരെ ഇംഗ്ലണ്ടിൽ തൈക്വാൻഡോ ഇൻസ്ട്രക്ടർ പരിശീലനം നടത്തിയ അപൂർവ നേട്ടവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. തൈക്വാൻഡോയിൽ സിക്സ്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ടെന്ന അപൂർവനേട്ടവും ഈയിടെ ഇദ്ദേഹം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയിൽ തന്നെ സിക്സ്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ട് നേടുന്ന അപൂർവം പേരിലൊരാളായി മാറിയിരിക്കുകയാണ് ഡോ. വേണുഗോപാൽ കൈപ്രത്ത്. പരിശീലനത്തിനുപുറമെ വിവിധ അന്താരാഷ്ട്ര സെമിനാറുകളിലും മാസ്റ്റേഴ്സ് സെമിനാറുകളിലും തൈക്വാൻഡോ പ്രചാരകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച തൈക്വാൻഡോ പ്രചാരകനായ ആന്ധ്ര സ്വദേശി രമണയ്യ നേരിട്ടെത്തിയാണ് ഇദ്ദേഹത്തിനായുള്ള ടെസ്റ്റ് നടത്തിയത്. 2018ൽ മാർഷൽ ആർട്​സിൽ ഹോണററി ഡോക്ടറേറ്റും കർമരത്ന പുരസ്കാരവുമടക്കം നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് തുടങ്ങിയ സംഘടനകൾക്കും സൗജന്യ പരിശീലനം നൽകാറുണ്ട്. ജീവിതം തൈക്വാൻഡോ പ്രചാരണത്തിനായി സമർപ്പിച്ച ഇദ്ദേഹത്തിന് കാളീശ്വരം സ്കൂളിലെ അധ്യാപികയായ ഭാര്യ ജ്യോതിയിൽനിന്നും മക്കളായ ശ്രേയ വേണുഗോപാൽ, ശ്വേത വേണുഗോപാൽ എന്നിവരിൽനിന്നും പൂർണ പിന്തുണയും ലഭിക്കുന്നു. പിതാവിന്‍റെ പാത പിന്തുടർന്ന് രണ്ടുമക്കളും തൈക്വാൻഡോ രംഗത്ത് കഴിവുതെളിയിച്ചവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.