പശുക്കളും കിടാവും ചത്തു; കണ്ണീരിലായി ക്ഷീരകർഷക കുടുംബം

ഇരിട്ടി: ഉപജീവന മാർഗം നഷ്ടമായതി​ന്‍റെ നിരാശയിലാണ് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും. വിഷബാധയേറ്റ് രണ്ട് പശുക്കളും ഒരു കിടാവുമാണ് ഇവർക്ക് നഷ്ടമായത്. മൂന്നാമത്തെ പശു പ്രാണനു വേണ്ടി പിടയുന്ന നൊമ്പര കാഴ്ചയാണ് ഇവരുടെ വീട്ടിൽ എത്തുന്നവർക്ക് കാണാൻ സാധിക്കുക. ഒമ്പത്​ ദിവസം മാത്രമായ ഒരുകിടാവ് മാത്രമാണ് ശേഷിക്കുന്നത്. ഒന്നര വർഷം മുമ്പ് എട്ട്​ ലക്ഷത്തിൽപരം രൂപ ബാങ്ക് വായ്പ എടുത്താണ് ജെസിയും ഭർത്താവ് ചാർളിയും മകൻ ജോജോയും 13 സൻെറ് സ്ഥലത്തുള്ള വീടിനരികിൽ മിനി ഫാം ആരംഭിക്കുന്നത്. മാസങ്ങൾക്ക്​ ശേഷം മൂന്ന് പശുക്കളും രണ്ട് കിടാക്കളും ഇവർക്ക് ലഭിച്ചു. രാവിലെയും വൈകീട്ടുമായി 60 ലിറ്ററിലധികം പാൽ പേരട്ട ക്ഷീരോൽപാദന സംഘത്തിൽ അളക്കുന്ന പ്രധാന ക്ഷീരകർഷകരായിരുന്നു ഈ കുടുംബം. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് ആദ്യ പശു ചത്തത്. തുടർന്ന് 4.45 ഓടെ അടുത്ത പശുവിനും ജീവൻ നഷ്ടമായി. മിനിറ്റുകൾക്കുള്ളിൽ പശുക്കിടാവും മറിഞ്ഞുവീണ് പിടയാൻ തുടങ്ങി. ഉടൻ കോളിത്തട്ട് വെറ്ററിനറി സബ് സെന്‍ററിൽ നിന്നും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുമേഷ് വാസു, പൈസക്കരി മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പി.എം. ജോൺസൺ എന്നിവർ സ്ഥലത്തെത്തി ശേഷിക്കുന്ന ഒരുപശുവിനും ഒമ്പത്​ ദിവസം പ്രായമുള്ള കിടാവിനും പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. വിഷപ്പുല്ല് തിന്നതാകാം പശുക്കൾക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന നിഗമനത്തിലാണ് വെറ്ററിനറി ഡോക്ടർ. തൊഴുത്തിന് സമീപത്തായി ഇത്തരത്തിലുള്ള പുല്ലി​ന്‍റെ അവശിഷ്ടം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനു മുമ്പും ഇതേ പുല്ല് തുടർച്ചയായി നൽകിയിട്ടുണ്ടെന്നും ഒരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇവർക്ക് വേണ്ട ധനസഹായത്തിന്​ ഉദാരമതികൾ മുന്നോട്ടു വരണമെന്ന്​ വാർഡ് മെംബർ ബിജു വെങ്ങലപ്പള്ളി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.