ആറളം ഫാം മഞ്ഞൾ റെയ്‌ഡ്​കോ ഏറ്റെടുക്കും

വിപണി വിലയേക്കാൾ 10 ശതമാനം കൂടുതൽ നൽകും പേരാവൂർ: കാർഷിക വൈവിധ്യവത്​കരണത്തിന്‍റെ ഭാഗമായി ആറളം ഫാമിൽ 25 ഏക്കറിൽ നടത്തിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉടൻ നടക്കും. ഫാമിൽ ഉൽപാദിപ്പിച്ച മുഴുവൻ മഞ്ഞളും ഏറ്റെടുക്കാമെന്ന്​ നേരത്തെ റെയ്​ഡ്​കോ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഫാമുമായി വിൽപനക്കുള്ള ധാരണപത്രം ഒപ്പുവെച്ചു. പോളിഷ് ചെയ്ത മഞ്ഞളിന്​ റെയ്​ഡ്​കോ വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകും. 200 ടൺ മഞ്ഞളാണ് ഫാമിൽനിന്നും ഇക്കുറി പ്രതീക്ഷിക്കുന്നത്. മഞ്ഞൾ പുഴുങ്ങുന്നതിനും ഉണക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഫാമിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റുവിളകളെല്ലാം വന്യമൃഗശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമായപ്പോഴാണ് ഫാം അധികൃതർ മഞ്ഞൾ കൃഷിയിലേക്ക് തിരിഞ്ഞത്. വന്യമൃഗങ്ങളിൽനിന്നും കാര്യമായ ശല്യമൊന്നും ഉണ്ടായില്ല. കാട്ടാന ചവിട്ടിനശിപ്പിക്കുന്നതിനാൽ വേലികെട്ടി സംരക്ഷിക്കുകയായിരുന്നു. അടുത്ത തവണ കൂടുതൽ സ്ഥലത്ത് മഞ്ഞൾ കൃഷി നടത്താനും ആലോചനയുണ്ട്. ​ഡ്രോൺ ഉപയോഗിച്ച് സൂഷ്മാണു മൂലകങ്ങളും വളപ്രയോഗവും നടത്തിയതിനാൽ മികച്ച ഉൽപാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം അധികൃതർ പറഞ്ഞു. റെയ്‌ഡ്​കോ ചെയർമാൻ വത്സൻ പനോളി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഫാം അഡ്മിനിസ്‌ടേറ്റിവ് ഓഫിസർ കെ.ആർ. പ്രസന്നൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ ആറളം ഫാമിങ് കോർപറേഷനുവേണ്ടി മാനേജിങ് ഡയറക്ടർ എസ്. ബിമൽ ഘോഷും റെയ്‌ഡ്​കോ എം.ഡി സി.പി. മനോജ് കുമാറുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.