സിൽവർ ലൈൻ: പദ്ധതി ആവിഷ്‌കരിച്ചത് കൃത്യമായ പഠനങ്ങൾക്കുശേഷം -എം.ഡി

കണ്ണൂർ: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും തീർക്കാൻ 'ജനസമക്ഷം സിൽവർ ലൈൻ' വിശദീകരണ യോഗം സംഘടിപ്പിച്ചു. സംശയങ്ങൾക്കൊപ്പം പരിപാടിയിൽ ഉയർന്നുവന്ന സന്ദേഹങ്ങൾക്കും കെ-റെയിൽ മാനേജിങ്​ ഡയറക്ടർ വി. അജിത് കുമാർ മറുപടി നൽകി. സംസ്ഥാനത്തിന്‍റെ വികസനത്തിന് ഗതിവേഗം നൽകുന്ന സിൽവർ ലൈൻ പദ്ധതിക്ക് എല്ലാ പിന്തുണയും യോഗത്തിൽ സംബന്ധിച്ചവർ വാഗ്ദാനം ചെയ്തു. സിൽവർ ലൈൻ പോലുള്ള പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തെ 10 സംസ്ഥാനങ്ങൾ റെയിൽവേ മന്ത്രാലയവുമായി ഇതിനകം ധാരണപത്രത്തിൽ ഒപ്പുവെച്ചതായി എം.ഡി പറഞ്ഞു. കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ദേശീയപാത വികസനം പൂർത്തിയായാലും വാഹനപ്പെരുപ്പം നിലവിലെ രീതിയിൽ തുടർന്നാൽ 10 വർഷം കൊണ്ട് ഗതാഗതക്കുരുക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ രൂക്ഷമാകുമെന്നും എം.ഡി അറിയിച്ചു. കെ-റെയിൽ വരുന്നതോടെ യാത്രാവാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണം ഗണ്യമായി കുറക്കാൻ സാധിക്കും. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന കാർബൺ വാതകത്തിന്‍റെ അളവ് വലിയ തോതിൽ കുറക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.