മുണ്ടേരിയിൽ കണ്ടെത്തിയ കാർ ക്വട്ടേഷൻ സംഘത്തിന്‍റേതെന്ന്​ പൊലീസ്

ചക്കരക്കല്ല്: മുണ്ടേരി പടന്നോട്ട്മൊട്ടക്ക് ഭാസ്കരന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ബേക്കലിൽ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണെന്ന്​ അന്വേഷണ സംഘം കണ്ടെത്തി. ചൊവ്വാഴ്ച് രാവിലെ കാഞ്ഞങ്ങാട് ഡിവൈ.എസ്​.പി സുശീൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചക്കരക്കല്ല്​ പൊലീസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. കാർ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാത്രിയാണ് ഉദുമ കോട്ടിക്കുളത്ത് പാലക്കുന്ന് സ്വദേശിയായ മത്സവ്യാപാരിയും ബോട്ട് ഉടമയുമായ ഹനീഫ എന്ന ചിമ്മിണി ഹനീഫയെ (46) ക്വട്ടേഷൻ സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഹനീഫയെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം സഞ്ചരിച്ച കാറാണ് മുണ്ടേരി പടന്നോട്ടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. കാർ മുക്കോളി സ്വദേശി സുധീഷിന്‍റെ പേരിലുള്ളതാണെന്ന് ചൊവ്വാഴ്ചതന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ബേക്കൽ പൊലീസ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്. അതേസമയം, കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണോ സംഭവത്തിന് പിന്നിലെന്ന സംശയവും ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.