കോൺഗ്രസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമം: തലശ്ശേരിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

കോൺഗ്രസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമം: തലശ്ശേരിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിസ്വന്തം ലേഖകൻതലശ്ശേരി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന് കോൺഗ്രസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമം തുടരുന്നു. കോടിയേരി, ന്യൂമാഹി മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന് പുറമെ എരഞ്ഞോളിയിൽ ശനിയാഴ്ച അർധരാത്രി കോൺഗ്രസ് ഓഫിസിന് കൂടി തീയിട്ടതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്. ഇതേ തുടർന്ന് തലശ്ശേരി മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. രാത്രിയുടെ മറവിലാണ് അക്രമങ്ങളൊക്കെയും അരങ്ങേറിയിട്ടുള്ളതിനാൽ പ്രതികളെ കണ്ടെത്താൻ പൊലീസിനും തലവേദനയാകും.കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറും കോൺഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് നേരെ ആക്രമണവുമാണ് ഒരാഴ്ചക്കുള്ളിൽ നടന്നിട്ടുള്ളത്. ആഭ്യന്തരവകുപ്പ് കൂടി കൈയാളുന്ന മുഖ്യമന്ത്രിയുടെ സമീപ മണ്ഡലമായതിനാൽ തലശ്ശേരി മേഖലയിലെ അക്രമ സംഭവങ്ങൾ പൊലീസിന് തലവേദനയാണ്. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സി.പി.എം അക്രമത്തിൽ പരസ്യമായി അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന് കോടിയേരി, ന്യൂമാഹി മേഖലയിൽ ചൊവ്വാഴ്ച അർധരാത്രിയുണ്ടായ അക്രമത്തിന്റെ അലയൊലികൾ മാറും മുമ്പാണ് എരഞ്ഞോളിയിലും കോൺഗ്രസ് ഓഫിസിന് നേരെ ശനിയാഴ്ച അർധരാത്രി അക്രമമുണ്ടായത്. കണ്ണൂർ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.------------------------- പടം.... എരഞ്ഞോളിയിൽ കോൺഗ്രസ് ഓഫിസ് തീയിട്ട് നശിപ്പിച്ച സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.