വെള്ളംകയറി കൃഷിനാശം; പാലയോട് പ്രദേശത്ത് സംയുക്ത പരിശോധന

മഴക്കാലത്ത് പുഴയില്‍നിന്ന് വെള്ളം കയറിയും വേനല്‍ക്കാലത്ത് ജലസംഭരണിയുടെ ഷട്ടര്‍ അടക്കുന്നതോടെ വെള്ളം കയറിയും കൃഷിനശിക്കുന്നു മട്ടന്നൂര്‍: കീഴല്ലൂര്‍ ജലസംഭരണിയുടെ ഷട്ടര്‍ അടച്ചതിനെ തുടര്‍ന്ന് വെള്ളം കയറി കൃഷി നശിക്കുന്ന സംഭവത്തില്‍ പഞ്ചായത്ത്​ 10ാം വാര്‍ഡിൽപെട്ട പാലയോട് പ്രദേശത്ത് ജലവകുപ്പും റവന്യൂ വകുപ്പും സംയുക്ത പരിശോധന നടത്തി. മഴക്കാലത്ത് പുഴയില്‍നിന്ന് വെള്ളം കയറി കൃഷി നശിക്കുന്നതും വേനല്‍ക്കാലത്ത് ജലസംഭരണിയുടെ ഷട്ടര്‍ അടക്കുന്നതോടെ വെള്ളം കയറി കൃഷി നശിക്കുന്നതും ഇവിടെ പതിവാണ്. ഇക്കാരണത്താല്‍ നിരവധി കര്‍ഷകര്‍ കാലങ്ങളായി കൃഷി നടത്താനാകാതെ ദുരിതത്തിലാണ്. വര്‍ഷങ്ങളായി നാട്ടുകാര്‍ നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്തതിനാല്‍ തിങ്കളാഴ്ച കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ കണ്ണൂരില്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രദേശത്ത് ജലവകുപ്പും റവന്യൂ വകുപ്പും സംയുക്ത പരിശോധന നടത്തിയത്. അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയർ വിനീത്​, കീഴല്ലൂര്‍ വില്ലേജ് ഓഫിസര്‍ വി. അഭിലാഷ്, വില്ലേജ് ഫീല്‍ഡ് അസി. ആലക്കണ്ടി രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അനില്‍കുമാര്‍, വാര്‍ഡ് അംഗം ഇ. ഷീന, സി.പി.എം ലോക്കല്‍ സെക്രട്ടറി സി. സജീവന്‍, ബ്രാഞ്ച് സെക്രട്ടറി എം.വി. പ്രശാന്തന്‍, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി പി.പി. സുരേന്ദ്രന്‍, കെ. രാഗേഷ് എന്നിവരും പരിശോധന സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.