വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവം: കാർ ഡ്രൈവർ അറസ്റ്റിൽ

ഒരുകാര്‍ മാത്രമാണ് അപകടം ഉണ്ടാക്കിയതെന്ന്​ പൊലീസ്​ ഇരിട്ടി: കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ കാറിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്തുവിനെയാണ് (50) അറസ്റ്റുചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി ആളുകള്‍ മരിക്കാനിടയാക്കിയതിനാണ് കേസെടുത്തത്. ജനുവരി എട്ടിന്​ രാത്രി 10ഓടെ ഇരിട്ടി -കൂട്ടുപുഴ റൂട്ടില്‍ കിളിയന്തറയിലാണ് അപകടം നടന്നത്. കിളിയന്തറ 32ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്‌സൈസ് ചെക്പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ വീണപ്പോൾ എതിര്‍ദിശയില്‍നിന്നുവന്ന കാര്‍ ദേഹത്ത് കയറിയാണ് അപകടമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ,​ ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്‍റെ ഒരു തെളിവുമില്ലാതിരുന്നത് അപകടരീതി സംബന്ധിച്ച് സംശയമുണ്ടാക്കി. സമീപത്തുനിന്ന് കണ്ടെത്തിയ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തുള്ള വീട്ടില്‍നിന്ന്​ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഈ ദൃശ്യത്തില്‍ സ്ഥലത്ത് കണ്ടെത്തിയ കാറും മറ്റൊരു കാറും റോഡില്‍ വീണുകിടന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുന്നത് പോലെതോന്നി. എന്നാല്‍, ശാസ്ത്രീയ പരിശോധനയില്‍ ഇരുവരെയും ഒരു കാര്‍ മാത്രമാണ് ഇടിച്ചുതെറിപ്പിച്ചതെന്നും ആരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിട്ടില്ലെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ശരിവെച്ചാണ് ഒരുകാര്‍ മാത്രമാണ് അപകടം ഉണ്ടാക്കിയതെന്ന നിഗമനത്തിലെത്തിയതെന്ന് ഇരിട്ടി എസ്‌.ഐ ദിനേശന്‍ കൊതേരി പറഞ്ഞു. അപകടം നടന്നയുടന്‍ ഇക്കാര്യം സമീപത്തെ എക്‌സൈസ് ചെക്പോസ്റ്റില്‍ അറിയിച്ച ശേഷമാണ് കാര്‍ ഉപേക്ഷിച്ച് മൊയ്തു ഓടിരക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.