കോടിയേരിയിൽ അക്രമം; കോൺഗ്രസ് നേതാവിന്‍റെ വീടിന് ബോംബേറ്

തലശ്ശേരി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന് കോടിയേരി, ന്യൂ മാഹി മേഖലയിൽ പരക്കെ അക്രമം. കോൺഗ്രസ് നേതാവിന്‍റെ വീടിനുനേരെ ബോംബേറും കോൺഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കുനേരെ ആക്രമണവുമുണ്ടായി. ചൊവ്വാഴ്ച അർധരാത്രി 12നാണ് വ്യാപക ആക്രമണം നടന്നത്. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ വി.സി. പ്രസാദിന്‍റെ കോപ്പാലത്തെ കേളോത്ത് ഹൗസിനുനേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച അർധരാത്രി 12ന് ശേഷമാണ് സംഭവം. സ്ഫോടനത്തിൽ വീടിന്‍റെ വരാന്തയിൽ കേടുപാടുണ്ടായി. ഓടുകൾ ചിതറിത്തെറിച്ചു. സ്ഫോടനശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോൾ സ്ഥലത്തുനിന്നും ചിലർ ബൈക്ക് ഓടിച്ചുപോവുന്നത് കണ്ടതായും സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നും അവശിഷ്ടങ്ങൾ കണ്ടെടുത്തതായും പ്രസാദ് പറഞ്ഞു. സംഭവം സംബന്ധിച്ച് ന്യൂ മാഹി പൊലീസിൽ പരാതി നൽകി. മൂഴിക്കരയിലെ നാഷനൽ സ്പോർട്സ് ക്ലബ് ആൻഡ്​ റീഡിങ് റൂമിനും കോടിയേരി വനിത കോഓപറേറ്റിവ് സൊസൈറ്റി കോപ്പാലം ശാഖക്കുനേരെയും ആക്രമണമുണ്ടായി. കോപ്പാലം സർദാർ ചന്ത്രോത്ത് സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന വനിത കോഓപറേറ്റിവ് ഓഫിസിന്‍റെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. മൂഴിക്കരയിലെ ക്ലബിന്‍റെ ബോർഡും തകർത്തെറിഞ്ഞു. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ പരിമഠത്ത് കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണമുണ്ടായി. പന്ന്യന്നൂർ അരയാക്കൂലിൽ കോൺഗ്രസ് കൊടിമരം തകർത്തു. തിരുവങ്ങാട് മഞ്ഞോടിയിലെ കോൺഗ്രസ് ഓഫിസിന്‍റെ കൊടിമരം നശിപ്പിക്കാനും ശ്രമം നടന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അക്രമം നടന്ന സ്ഥലങ്ങൾ കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, അഡ്വ. മാർട്ടിൻ ജോർജ്, വി.എ. നാരായണൻ, സജ്ജീവ് മാറോളി, അഡ്വ. സി.ടി. സജിത്ത്, കെ.പി. സാജു, ഹരിദാസ് മൊകേരി എന്നിവർ സന്ദർശിച്ചു. ന്യൂ മാഹി പൊലീസ് അക്രമം നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.