റോഡ് പ്രവൃത്തിയില്‍ ക്രമക്കേടെന്നു പരാതി

ചെറുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത ചെറുപുഴ പഞ്ചായത്തിലെ പൊന്‍പുഴ -കൂമ്പന്‍കുന്ന് റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന്​ പരാതി. രണ്ട്​ കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ രണ്ടു റീച്ചുകളിലായി 280 മീറ്റര്‍ ദൂരത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതില്‍ രണ്ടാമത്തെ റീച്ചിലെ 140 മീറ്റര്‍ ഭാഗത്തുനടന്ന പ്രവൃത്തിയാണ് വ്യാപക പരാതിക്ക് ഇടയാക്കിയത്. റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപയോഗിച്ച സിമന്‍റിന് ഗുണനിലവാരമില്ലാത്തതിനാല്‍ മിക്കയിടത്തും സിമന്‍റും മെറ്റലും ഇളകിപ്പോകുന്നുണ്ട്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ഏഴിഞ്ച് കനം വേണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ഇവിടെ പലയിടത്തും ആറിഞ്ചും അതില്‍ താഴെയും മാത്രമേ കനമുള്ളൂവെന്ന്​ നാട്ടുകാര്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ വാര്‍ഡിലെയും കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് ഇതിനായി കരാറുകാരനെ ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൂലിയായെത്തുന്ന തുക മുന്‍കൂറായി കരാറുകാരനെ ഏൽപിക്കുകയും വേണം. ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപയും മണ്ണുപണിക്കെന്ന പേരില്‍ 32,000 രൂപയും നാട്ടുകാര്‍ കരാറുകാരന് നല്‍കിയിരുന്നു. റോഡുപണി നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയതുമില്ല. കോണ്‍ക്രീറ്റ് ചെയ്ത് മാസങ്ങള്‍ക്കകം റോഡ് തകരാന്‍ ഇടയായതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് നടത്തിയ ക്രമക്കേടിനെതിരെ പഞ്ചായത്ത് ഭരണസമിതിയും മൗനത്തിലാണ്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.