അരങ്ങൊഴിഞ്ഞത് നാടക കലയെ നെഞ്ചിലേറ്റിയ പ്രതിഭ

പഴയങ്ങാടി: നാടകകലയെ നെഞ്ചിലേറ്റിയ കലാപ്രതിഭ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം, സാമൂഹിക, രാഷ്ടീയ പ്രവർത്തകൻ, സൗമ്യതയുടെ ആൾരൂപം തുടങ്ങിയ വിശേഷങ്ങൾക്കെല്ലാമുടമയാണ് ഞായറാഴ്ച നിര്യാതനായ ഏഴോം നെരുവമ്പ്രത്തെ പപ്പൻ ചിരന്തന എന്ന പാലങ്ങാട്ട് വീട്ടിൽ പത്മനാഭൻ. പതിനാറാം വയസ്സിൽ ജന്മനാട്ടിലെ ഏഴോം ജനകീയ കലാസമിതി, ഏഴോം നവോദയ, ശ്രീസ്ഥ ഗ്രാമീണ കലാസമിതി എന്നിവയുടെ വേദികളിലൂടെയായിരുന്നു ആദ്യകാല നാടകാഭിനയം. ദീർഘകാലം കോഴിക്കോട് ചിരന്തനയിൽ പ്രഫഷനൽ നാടക നടനായിരുന്നു. അങ്ങനെയാണ് പാലങ്ങാട്ട് വീട്ടിൽ പത്മനാഭൻ പപ്പൻ ചിരന്തനയായത്. 1994 മുതൽ 2013 വരെ ബഹ്​റൈനിലായിരുന്നു. ബഹ്​റൈൻ പ്രതിഭ, കേരളസമാജം എന്നിവയിൽ സജീവമായി. നാടക രംഗത്ത് ശ്രദ്ധേയമായി. ബഹ്​റൈനിൽ ഇബ്രാഹിം വെങ്ങരയുടെ 'മേടപ്പത്ത്' അടക്കമുള്ള വിവിധ നാടകങ്ങളിൽ പ്രധാന കഥാപാത്രമായി വേഷമിട്ടു. നാട്ടിലെത്തിയ ശേഷം ഇബ്രാഹിം വെങ്ങരയുടെ തന്നെ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' നാടകത്തിലും അഭിനയിച്ചു. എൻഡോസൾഫാൻ ഇരകളുടെ കഥ പറയുന്ന അമീബ, സ്നേഹവീട്, ചായില്യം, പേടിത്തൊണ്ടൻ സിനിമകളിലും വേഷമിട്ടു. അമച്വർ നാടക സംവിധായകൻ, ഷോട്ട് ഫിലിം അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് പപ്പൻ ചിരന്തന. പഴയങ്ങാടി പൗരവേദി ഞായറാഴ്ച ആദരിക്കാനിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. അനുശോചന യോഗത്തിൽ കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി, എം.കെ. മനോഹരൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, പി.പി. ദാമോദരൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗോവിന്ദൻ, സി.വി. കുഞ്ഞിരാമൻ, സി.എം. വേണുഗോപാലൻ, സുരേഷ് ബാബു ശ്രീസ്ഥ, രാജേഷ് കടന്നപ്പള്ളി, എം.കെ. രമേഷ് കുമാർ, എം.വി. ചന്ദ്രൻ, പ്രകാശൻ ചെങ്ങൽ, സി.ഒ. പ്രഭാകരൻ, ഒ.വി. ഗീത, ടി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.