മാവുംചാല്‍ ക്വാറി പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ്

ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്തിലെ മാവുംചാൽ കരിങ്കല്‍ ക്വാറി അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നല്‍കി. പിണറായി സ്വദേശിയുടെ ക്വാറിക്കാണ് നടുവില്‍ പഞ്ചായത്ത് ഭരണസമിതി നിര്‍ദേശപ്രകാരം സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയത്. കരിങ്കല്‍ ഖനനം നടത്തുന്നതിന് ക്വാറിക്ക് നേരത്തെ പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിരുന്നു. നിബന്ധനകള്‍ പാലിക്കാതെയും സുരക്ഷാമാനദണ്ഡങ്ങള്‍ ഒരുക്കാതെയുമുള്ള കരിങ്കല്‍ ഖനനം ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് സ്റ്റോപ് മെമ്മോ നോട്ടീസ് നല്‍കിയത്. നിയമലംഘനം നടക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് പ്രസിഡന്‍റ് ബേബി ഓടംപള്ളിയുടെ നേതൃത്വത്തില്‍ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മെംബര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വെള്ളാട് വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയാണ് ഭരണസമിതിയുടെ ഏകകണ്ഠമായ നിര്‍ദേശപ്രകാരം നടപടിയെടുത്തത്. പരിസരത്ത് താമസിക്കുന്ന 60ഓളം കുടുംബങ്ങള്‍ ക്വാറി ഉയര്‍ത്തുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തിന് പരാതിയും നല്‍കിയിരുന്നു. ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തുന്ന ക്വാറികള്‍ക്കെതിരെ പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടികള്‍ തുടരുമെന്ന് പ്രസിഡന്‍റ് ബേബി ഓടംപള്ളിയും സെക്രട്ടറി ദിനേശനും അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.