കനിവ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം പ്രതിസന്ധിയിൽ

ഇരിട്ടി: മലയോര മേഖലയിലെ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റ്​ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പ്രവർത്തനത്തിന് ആവശ്യമായ വരുമാനം കണ്ടെത്താൻ കഴിയാത്തതാണ്​ ആശങ്കയിലാക്കുന്നത്​. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ വൃക്ക രോഗികൾക്ക് 7006 ഡയാലിസിസ് സൗജന്യമായി നടത്തിയിരുന്നു. പത്ത് കിടക്കകളോടുകൂടി പ്രവർത്തനം ആരംഭിച്ച യൂനിറ്റിൽ ഇപ്പോൾ 25 രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമുണ്ട്. സാമ്പത്തികമായി ഒരു നിവൃത്തിയും ഇല്ലാത്ത നൂറുകണക്കിന് വൃക്കരോഗികളുടെ അപേക്ഷകളാണ് അവസരം കാത്തുകഴിയുന്നത്. ലഭിച്ച അപേക്ഷകളിൽ മുൻഗണനക്രമം അനുസരിച്ച് തീർത്തും പാവപ്പെട്ട രോഗികൾക്കാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു മാസം യൂനിറ്റ്​ നടത്തിപ്പിന് നാലുലക്ഷത്തോളം രൂപ വേണം. കുറേ മാസമായി കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക സമാഹരണം നടത്താൻ സാധിക്കാഞ്ഞതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. എട്ട് ജീവനക്കാരാണ് യൂനിറ്റിലുള്ളത്. സൊസൈറ്റിയുടെ പ്രവർത്തന ഫലമായാണ് ഇതുവരെ ഫണ്ട് കണ്ടെത്തിയത്​. സൊസൈറ്റി അംഗങ്ങളുടെ വരിസംഖ്യയും സംഭാവനയും ഉദാരമതികൾ സൊസൈറ്റിക്ക് നൽകുന്ന ജീവകാരുണ്യ ഫണ്ടുമായിരുന്നു വരുമാന മാർഗം. കനിവ് ഡയാലിസിസ് സൊസൈറ്റിക്ക് സുമനസ്സുകളിൽ നിന്നും ഇതുവരെയായി ലഭിച്ച 18 ലക്ഷത്തോളം രൂപകൊണ്ടാണ് രോഗികൾക്ക് പ്രയാസം ഇല്ലാതെ നിലയിൽ കൊണ്ടുപോകാൻ കഴിഞ്ഞത്. വൃക്ക രോഗികളുടെ പ്രയാസങ്ങൾ കാണാനുള്ള മനസ്സ് ഉണ്ടാകണമെന്നും സുമനസ്സുകൾ കനിയണമെന്നും ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലതയും ആശുപത്രി സൂപ്രണ്ട് ഡോ. രവീന്ദ്രനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.