സംഘ്പരിവാർ പൊലീസ് വേട്ടക്ക്​ മുഖ്യമന്ത്രി മറുപടി പറയണം- ഹമീദ് വാണിയമ്പലം

കണ്ണൂർ: ഇടതു ഭരണത്തിൽ സംഘ്പരിവാറിന്‍റെ പൊലീസ് വേട്ടയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിന് വ്യക്തമായ മറുപടി നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ മേഖലകളിൽനിന്ന് വെൽഫെയർ പാർട്ടിയിലേക്ക് വന്ന നൂറിലധികം പേർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ ആർ.എസ്.എസിനെ വിമർശിക്കുന്നവരുടെ വീടുകളിലെത്തി മൊബൈലും ലാപ്ടോപ്പും പിടിച്ചെടുക്കുകയും മതസ്പർധ വളർത്തുന്നു എന്ന പേരിൽ കേസെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരാഴ്ചക്കിടെ അത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആർ.എസ്.എസിനെ വിമർശിക്കുന്നതെങ്ങനെയാണ് മതസ്പർധയാകുകയെന്ന് ആഭ്യന്തര വകുപ്പ് വിശദമാക്കണം. കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം അപകടകരമായ വംശീയ വിദ്വേഷവും മത വിദ്വേഷവും ആളിക്കത്തിക്കുന്ന പ്രസ്താവനകളും കലാപാഹ്വാനങ്ങളും നടത്തുമ്പോൾ കാണാത്ത ഭാവം നടിക്കുകയാണ് പൊലീസ്​. മുസ്​ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസ്,​ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ആരംഭിച്ച 'കാവൽ' സംവിധാനത്തിലൂടെ പരിസ്ഥിതി, പൗരാവകാശ പ്രവർത്തകരെയും വേട്ടയാടുകയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. ജില്ലയിലെ പാർട്ടിയുടെ കെ-റെയിൽ സിൽവർലൈൻ വിരുദ്ധ സമരത്തിന്‍റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ സ്വാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഫൈസൽ മാടായി, സംസ്ഥാന സെക്രട്ടറി ജെബിന നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റുമാരായ ടി.കെ. മുഹമ്മദലി, ചന്ദ്രൻ മാസ്റ്റർ, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് ഇംതിയാസ്, ടി.പി. ഇല്യാസ്, ജില്ല കമ്മിറ്റി അംഗം നാണി ടീച്ചർ, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ സാജിദ് കോമത്ത്, കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി രഹന ടീച്ചർ, വിമൻ ജസ്റ്റിസ് ജില്ല സെക്രട്ടറി ലില്ലി ജെയിംസ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ്​ ലൂബൈബ് ബഷീർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ പള്ളിപ്രം പ്രസന്നൻ സ്വാഗതം പറഞ്ഞു. സി.കെ. മുനവ്വിർ സമാപന പ്രസംഗം നടത്തി. photo; giri 100 wpi വെൽഫെയർ പാർട്ടിയിലേക്ക് വന്ന പാർട്ടി പ്രവർത്തകർക്ക് നൽകിയ സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.